മദ്യലോബികളുടെ കുതന്ത്രം ഫലിക്കില്ല : വി എം സുധീരന്‍

0
SYS-Kasaragod
കാസര്‍കോട് :പൊതുജനങ്ങള്‍ക്കിടയില്‍ ജനപ്രതിനിധികളെ താറടിച്ചു കാണിച്ച് ഭരണകൂടത്തെ സ്തംഭിപ്പിച്ചു കാര്യംനേടാമെന്ന മിഥ്യാധാരണ മദ്യലോബികള്‍ക്കുണ്ട്. മദ്യലോബികളുടെ ഈ കുതന്ത്രം നടക്കില്ല. മദ്യനയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു പിടിക്കാനുള്ള ഗൂഢനീക്കത്തെ നഖശിഖാന്തം എതിര്‍ക്കും. ഇതിനുവേണ്ടി കേരള ജനത ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അഭ്യര്‍ത്ഥിച്ചു. എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ‘തിന്മക്കെതിരെ ജനശക്തി’ എന്ന കാമ്പയിന്റെ ജില്ലാതല സെമിനാര്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യലോബികള്‍ക്ക് ഒരു ധാരണയുണ്ട്. സര്‍ക്കാരിനെ ഭരിക്കുന്നത് അവരാണെന്ന്. അത് കൊണ്ട് ഭരണസിരാകേന്ദ്രത്തെ ഞെട്ടിപ്പിച്ചു കളയാമെന്ന് തോന്നുന്നുവെങ്കില്‍ അത് മിഥ്യാധാരണയാണ്. ജനപ്രദമായ മദ്യനയത്തിന്റെ പ്രഭകെടുത്താനുള്ള ഗൂഢനീക്കത്തെ അതിജീവിക്കും. കേരള ജനതയെ ഘട്ടംഘട്ടമായി മദ്യത്തിന്റെ മാസ്മരിക വലയത്തില്‍നിന്ന് രക്ഷപ്പെടുത്തും. പകലന്തിയോളം എല്ലുരുകി പണിയെടുത്ത് കിട്ടുന്ന സമ്പാദ്യം മുഴുവന്‍ മദ്യ ഷാപ്പുകളില്‍ നല്‍കി കുടുംബത്തില്‍ കലഹമുണ്ടാക്കുന്നവര്‍ക്ക് സ്വസ്ഥവും സമാധാനപരവുമായ കുടുംബ ജീവിതം നയിക്കാന്‍ മദ്യനിരോധനം സഹായകമാകും.
പുതിയ തലമുറയിലെ കുട്ടികള്‍ പോലും മദ്യത്തിന്റെ വലയില്‍ വീഴുന്ന കാഴ്ച ഭയാനകമാണ്. അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം അനുദിനം വര്‍ധിച്ചുവരുന്നതും മദ്യം കാരണമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ സംസ്ഥാനത്ത് മദ്യനയം നടപ്പില്‍ വരുത്തും. കലക്ടര്‍, പോലീസ്, എക്‌സൈസ് എന്നിവരുടെ സഹകരണം ഇതിനുണ്ടാകും. അയല്‍ സംസ്ഥാനത്ത് നിന്നും മദ്യം ലഭ്യമാകുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് എംഎ ഖാസിം മുസ്ലിയാര്‍ അധ്യക്ഷതവഹിച്ചു. ‘ചൂഷണമുക്ത ആത്മീയത’ എന്ന വിഷയം പിണങ്ങോട് അബൂബക്കറും ധൂര്‍ത്തും അഴിമതിയും എന്ന വിഷയം സിദ്ദീഖ് നദ്‌വി ചേരൂരും ലഹരി എന്ന പൈശാചികത എന്ന വിഷയം സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ഭോദിയും അവതരിപ്പിച്ചു.
എസ് വൈഎസ് സമഗ്ര പ്രവര്‍ത്തനപദ്ധതി അവതരണം സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. കാസര്‍കോട്ട് നടന്ന എസ്‌വൈഎസ് സമ്മേളനത്തിന്റെ സിഡി പ്രകാശനം എസ് വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് മൊയ്തീന്‍ കുട്ടി ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. കെ.എം അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറഞ്ഞു.
യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എം.എസ് തങ്ങള്‍ മദനി, സയ്യിദ് ടികെ പൂക്കോയ തങ്ങള്‍ ചന്തേര, എം.സി ഖമറുദ്ദീന്‍, അഡ്വ സികെ ശ്രീധരന്‍, എം.സി ജോസ്, സി.ബി അബ്ദുല്ല ഹാജി, എന്‍.പി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ടി.പി അലി ഫൈസി, ഹാരിസ് ദാരിമി ബെദിര, മുബാറക് ഹസൈനാര്‍ ഹാജി, കെപി മൊയ്തീന്‍ കുഞ്ഞി മൗലവി, താജുദ്ദീന്‍ ചെമ്പരിക്ക, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ഹമീദ് കുണിയ, എം.എ ഖലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവാഹ ധൂര്‍ത്തിന്റെ പിടിയിലമര്‍ന്ന കാസര്‍കോടന്‍ ജനതയ്ക്ക് എസ് വൈഎസ് സംഘടിപ്പിച്ച സെമിനാര്‍ അക്ഷരാര്‍ത്ഥത്തില്‍ മാനസിക പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നതായിരുന്നു.
Share.