ശരീഅത്ത് വിരുദ്ധ നീക്കം: എസ്.വൈ.എസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

0

മലപ്പുറം: ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്കും ഇസ്‌ലാമിക ശരീഅത്തിനുമെതിരായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വ്യക്തി നിയമത്തില്‍ കൈ കടത്തുകയും ഏകസിവില്‍കോഡ് നടപ്പാക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്നത് ന്യൂനപക്ഷ വിഭാഗങ്ങളോട് ചെയ്യുന്ന അതിക്രമമാണ്. ഇതിനെതിരെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമനടപടികളും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു. പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ഉച്ചക്ക് രണ്ടിന് മലപ്പുറം സുന്നി മഹലില്‍ സമസ്ത ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. എസ്.വൈ.എസ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികളാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. കെ.കെ.എസ് തങ്ങള്‍ അധ്യക്ഷനായി. കാളാവ് സൈദലവി മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസഹാജി, ബി.എസ്.കെ തങ്ങള്‍, സി. അബ്ദുള്ള മൗലവി, എം.പി കടുങ്ങല്ലൂര്‍, ഷാഹുല്‍ മേല്‍മുറി, സലീം എടക്കര, സി.എച്ച് ത്വയ്യിബ് ഫൈസി കുന്നുംപുറം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഖാദിര്‍ ഫൈസി, ഷാഫി ആലത്തിയൂര്‍, സി.കെ ഹിദായത്തുള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share.