സുന്നി യുവജന സംഘം നേതൃക്യാംപ്: വാര്‍ത്ത വാസ്തവവിരുദ്ധം – എസ്.വൈ.എസ്

0

മലപ്പുറം: പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ മാര്‍ച്ച് 17, 18 തിയതികളില്‍ നടന്ന എസ്.വൈ.എസ് നേതൃക്യാംപില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ ബന്ധപ്പെടുത്തി ഒരു പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, സെക്രട്ടറിമാരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ക്യാംപില്‍ എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ പ്രസംഗം ശ്രോതാക്കള്‍ ഇടപെട്ട് തടസപ്പെടുത്തിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. അവാസ്തവമായ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച് നടത്തുന്ന പത്രപ്രവര്‍ത്തനം ആര്‍ക്കും ഭൂഷണമല്ല. തെറ്റായ വാര്‍ത്തകള്‍ നല്‍കി സുന്നി യുവജനസംഘത്തിന്റെ വളര്‍ച്ചയെയും ദീനീപ്രവര്‍ത്തനങ്ങളെയും ആര്‍ക്കും തടയാനാവില്ല.
സംസ്ഥാനത്തിന്റെ അകത്തും പുറത്തും നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത നേതൃക്യാംപില്‍ വാര്‍ത്തയില്‍ പറഞ്ഞതു പോലെ യാതൊരു അപസ്വരവും ഉണ്ടായിട്ടില്ല.
തെറ്റായ വാര്‍ത്തകള്‍ നല്‍കി സംഘടനയെയും വ്യക്തികളെയും തേജോവധം ചെയ്യാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ക്കെതിരേ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട പത്രമാനേജ്‌മെന്റ് തയാറാവുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും തെറ്റായ വാര്‍ത്ത തിരുത്തി പ്രസിദ്ധീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യാത്തപക്ഷം പത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അറിയിച്ചു.

Share.