റോഹിംഗ്യന്‍ വംശഹത്യക്കെതിരേ എസ്.വൈ.എസ് പ്രതിഷേധം

0

കോഴിക്കോട്: മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് കോഴിക്കോട്ട് ഉജ്ജ്വല റാലിയും സമ്മേളനവും നടത്തി. ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മ്യാന്‍മറില്‍ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരേ ശക്തമായ താക്കീതായി ആയിരങ്ങളാണ് റാലിയില്‍ അണിനിരന്നത്.

എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന റാലി ഇന്നലെ വൈകിട്ട് നാലിന് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡില്‍ നിന്ന് ആരംഭിച്ച് അഞ്ചുമണിക്ക് അരയിടത്തുപാലത്ത് സമാപിച്ചു. വിവിധ ഭാഷകളിലെഴുതിയ ബാനറുകളും ബോര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ റാലിയില്‍ അണിനിരന്നത്.

റാലിക്കു ശേഷം അരയിടത്ത്പാലത്ത് നടന്ന പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവര്‍ പ്രഭാഷണം നടത്തി.

കെ.ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, അഹ്മദ് തെര്‍ളായി, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, മലയമ്മ അബൂബക്കര്‍ ബാഖവി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സത്താര്‍ പന്തലൂര്‍, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share.