ഭരണകൂട ഭീകരതയില്‍ ആശങ്ക പങ്കുവച്ച് എസ്.വൈ.എസ് സെമിനാര്‍

0

ഒറ്റപ്പാലം: രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയില്‍ ആശങ്ക പങ്കുവെച്ച് എസ്.വൈ.എസ് സെമിനാര്‍. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ച് ഇന്ത്യയുടെ സംസ്‌കാരത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്ന പ്രവണതക്കാണ് രാജ്യം ഭരിക്കുന്നവര്‍ നേതൃത്വം നല്‍കുന്നതെന്ന് നാനാത്വത്തില്‍ ഏകത്വം എന്ന പ്രമേയവുമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നമ്മുടെ ഇന്ത്യ സെമിനാര്‍ അഭിപ്രായപ്പെട്ടു.

രാജ്യം സ്വാതന്ത്ര്യം നേടി 70 വര്‍ഷം പിന്നിടുമ്പോള്‍ പൗരാവകാശം ലംഘിക്കപ്പെടുന്ന അവസ്ഥയാണ് നിലകൊള്ളുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്്‌ലിയാര്‍ പറഞ്ഞു. നാം എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. അതിന്റെ പേരില്‍ തെരുവില്‍ മനുഷ്യ ജീവനുകള്‍ പിടഞ്ഞുവീഴുമ്പോഴും മൃഗസംരക്ഷണത്തെ കുറിച്ച് മാത്രമാണ് അവര്‍ ആശങ്കപ്പെടുന്നതെന്നും സാദിഖ് മുസ്്‌ലിയാര്‍ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. രാജ്യത്തിന്റെ പരമാധികാരം പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവില്‍ നിന്ന് നരേന്ദ്ര മോദിയിലേക്കെത്തുമ്പോള്‍ രാജ്യം വൈവിധ്യ സംസ്‌കാരത്തെ മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുന്നത് ഭരണകൂട ഭീകരതയാണെന്ന് ഓണംപിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും അറിയാത്തവരാണ് ന്യൂനപക്ഷങ്ങളോട് രാജ്യം വിട്ടുപോകാന്‍ പറയുന്നത്. സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനാ രൂപീകരണത്തിലും ഈ ന്യൂനപക്ഷങ്ങള്‍ തങ്ങളുടേതായ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ തനത് കലയായ ഹിന്ദുസ്ഥാനി സംഗീതമായാലും രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വക്കീല്‍, വക്കാലത്ത് തുടങ്ങിയ നിരവധി വാക്കുകകളും പേര്‍ഷ്യന്‍ സംസ്‌കാരത്തില്‍ നിന്നാണ് നമ്മുടെ സംസ്‌കാരം സ്വീകരിച്ചത്. കോണ്‍ഗ്രസ് തകരുമ്പോള്‍ പകരം കയറി വരിക ഫാസിസ്റ്റുകളാണെന്ന തിരിച്ചറിവ് പലര്‍ക്കും ഇല്ലാതെ പോയതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മോഡറേറ്റായിരുന്നു. സി.പി.എം പ്രതിനിധി എന്‍.എം നാരായണന്‍ നമ്പൂതിരി, കോണ്‍ഗ്രസ് പ്രതിനിധി മനോജ് സ്റ്റീഫന്‍, മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, ബി.ജെ.പി പ്രതിനിധി ശങ്കരന്‍കുട്ടി, കെ.പി.എസ് പയ്യനടം, എന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവര്‍ സംസാരിച്ചു. ജി.എം സലാഹുദ്ദീന്‍ ഫൈസി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി നന്ദിയും പറഞ്ഞു.
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളായ ഇ. അലവി ഫൈസി കുളപ്പറമ്പ്, സി. മുഹമ്മദാലി ഫൈസി കോട്ടോപ്പാടം, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, ടി.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ഇ.വി ഖാജാ ദാരിമി, പി.എം യൂസഫ് പത്തിരിപ്പാല, എം.ടി സംനുല്‍ ആബിദീന്‍ മാസ്റ്റര്‍ പനമണ്ണ, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, പി.പി ഹംസ ഫൈസി പാലക്കാട്, ഇ. അലി ഹസനി കൊഴിഞ്ഞാമ്പാറ, എ.എ ഖാദര്‍ അന്‍വരി കയറാടി, വി.കെ അബൂബക്കര്‍ വെള്ളപ്പാടം, പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ കൂടല്ലൂര്‍, സയ്യിദ് ഹസന്‍ തങ്ങള്‍ കൊപ്പം, സലിം ഫൈസി കോണിക്കഴി, സി.പി ഷാഹുല്‍ ഹമീദ് ഫൈസി കോട്ടായി, കെ.എം ബഷീര്‍ ദാരിമി, എം. മീരാപിള്ള മേലാര്‍കോട്, എച്ച്. മുസ്തഫ മുസ്്‌ലിയാര്‍ ആലത്തൂര്‍, കെ.എം മുഹമ്മദ് തമീം പുതുനഗരം, പി ഇബ്രാഹിംകുട്ടി മാസ്റ്റര്‍ കുമ്പിടി എന്നിവര്‍ സംബന്ധിച്ചു.

ചര്‍ച്ചയില്‍ കേട്ടത്

സത്താര്‍ പന്തല്ലൂര്‍ (മോഡറേറ്റര്‍)

സൂഫി സമ്മേളനവും ന്യൂനപക്ഷ മോര്‍ച്ച സമ്മേളനവും സംഘടിപ്പിച്ച് ന്യൂനപക്ഷം തന്നോടൊപ്പമുണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് നരേന്ദ്ര മോഡി. അതിനേക്കാളേറെ എടുത്തു പറയേണ്ടത് ചില സംഘടനകളുടെ മോഡി ഭക്തിയെ സംബന്ധിച്ചാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങളും ദളിതരും തെരുവില്‍ കൊല്ലപ്പെടുമ്പോഴും കേരളത്തിലെ ചില മുസ്്‌ലിം സംഘടനകള്‍ പോലും മോഡിയെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയിലാണ്. അതാണ് സൂഫി സമ്മേളനത്തിലും മംഗലാപുരത്തെ മോര്‍ച്ച സമ്മേളനത്തിലും കണ്ടത്.

മനോജ് സ്റ്റീഫന്‍ (കോണ്‍ഗ്രസ്)

രാജ്യത്തിനകത്ത് നേരിടുന്ന ഇപ്പോഴത്തെ അക്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. 70 കുട്ടികള്‍ പിടഞ്ഞുമരിച്ചപ്പോഴും രാഷ്ട്രീയം പറയാനാണ് ഭരണക്കാര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ് ലക്ഷ്യം. ഫാസിസ്റ്റ് ഭരണത്തിന് അറുതിവരുന്ന നല്ലൊരു പ്രഭാതം നമുക്ക് പ്രതീക്ഷിക്കാം. അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.

ശങ്കരന്‍കുട്ടി (ബി.ജെ.പി)

ബീഫ് നിരോധനം എന്നത് സര്‍ക്കാറിന്റെ നയമല്ല. അത്തരത്തില്‍ ഒരു ഉത്തരവോ നടപടിയോ സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികളുടെ ഉത്തരവാദിത്വം യഥാര്‍ഥത്തില്‍ 50 വര്‍ഷത്തിലധികം ഭരിച്ച കോണ്‍ഗ്രസിനാണ്. ഗോമാതാവിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ പാര്‍ട്ടി നയത്തിന്റെ ഭാഗമല്ല. എല്ലാ സംസ്‌കാരങ്ങളേയും ഉള്‍കൊള്ളുന്ന ഭാരത സംസ്‌കാരം തന്നെയാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്.

എന്‍.എം നാരായണന്‍ നമ്പൂതിരി (സി.പി.എം)

മതങ്ങളും ദൈവങ്ങളുമെല്ലാം മനുഷ്യന്‍ നന്മക്കായുള്ളതാണ്. ഭൂമിയില്‍ മനുഷ്യവര്‍ഗം ഇല്ലായിരുന്നെങ്കില്‍ മതങ്ങളോ ദൈവങ്ങളോ ഉണ്ടാകുമായിരുന്നില്ല. മൃഗങ്ങളും സസ്യങ്ങളും മറ്റും ഏത് മതത്തില്‍പ്പെട്ടതാണ്. അവര്‍ വിശ്വസിക്കുന്ന ദൈവമേതാണ്. മനുഷ്യനായാണ് ജീവിക്കേണ്ടത്. അപ്പോള്‍ ഫാസിസ്റ്റ് ശക്തികള്‍ ദുര്‍ബലപ്പെടും. ഫാസിസ്റ്റുകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള കരുത്ത് സി.പി.എമ്മിന് മാത്രമാണ്. അതുതന്നെയാണ് പാര്‍ട്ടിയുടെ നയവും.

മരക്കാര്‍ മാരായമംഗലം(മുസ്്‌ലിംലീഗ്)

ഗോമാതാവിന്റെ പേരിലുള്ള അക്രമണം പാര്‍ട്ടിയുടെ നയമല്ലെന്ന് ബി.ജെ.പി പറയുമ്പോഴും പാര്‍ലമെന്റില്‍ അവരുടെ പ്രതിനിധികളുടെ വാദം അതിന് ഘടകവിരുദ്ധമാണ്. മുസ്്‌ലിംലീഗ് പ്രസ്ഥാനം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഈ ഫാസിസ്റ്റുകളുടെ കടന്നുവരവിനെ സംബന്ധിച്ച ആശങ്ക പങ്കുവെച്ചിരുന്നതാണ്. അന്നതിനെ പുച്ഛിച്ചു തള്ളിയവര്‍ ഫാസിസം കരുത്താര്‍ജ്ജിക്കുന്നതിന്റെ വേവലാതിയിലാണിപ്പോള്‍. ഇപ്പോഴും ഫാസിസ്റ്റുകളുടെ എതിര്‍ ചേരിയിലുള്ളവര്‍ക്കാണ് ഭൂരിപക്ഷം. ഇവര്‍ക്കിടയിലുള്ള വലുപ്പ ചെറുപ്പം സംബന്ധിച്ച അഭിപ്രായ ഭിന്നത മാറിയാല്‍ മാത്രമേ ഇനി ഫാസിസ്റ്റ് ഭീകരതയെ തുടച്ചുനീക്കാനാകൂ.

കെ.പി.എസ് പയ്യനടം(സാഹിത്യകാരന്‍)

ബ്രിട്ടീഷുകാരന്റെ സംഭാവനയാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇന്ത്യരാജ്യം. അവര്‍ ഇന്ത്യയിലേക്ക് എത്തുന്നത് വരെയും ചിന്നഭിന്നമായി കിടക്കുന്ന അവസ്ഥയിലായിരുന്നു നമ്മുടെ രാജ്യം. സഞ്ചരിക്കാനായി പാതകളും റെയില്‍വേയും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങളും അവര്‍ നമുക്ക് സമ്മാനിച്ചു. ഇന്ന് രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളെല്ലാം അധികാരത്തിന് വേണ്ടിയുള്ള ചെയ്തികള്‍ മാത്രമാണ്. മതം എന്നത് അവരുടെ അജണ്ടയേ അല്ല.
അവര്‍ക്കത് ഭരണം പിടിച്ചെടുക്കാനുള്ള ആയുധം മാത്രമാണ്. മധുരം പകര്‍ന്നു നല്‍കല്ല യഥാര്‍ഥ സ്വാതന്ത്ര്യദിനാഘോഷം. സ്വാതന്ത്ര്യം നേടിയ ദിവസം ഗാന്ധിജിയുടെ ആഘോഷം സ്വാതന്ത്ര്യ സമര പോരാട്ടത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരോടൊപ്പമായിരുന്നെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

Share.