സമസ്ത ശരീഅത്ത് സമ്മേളനം: ജനസാഗരം സാക്ഷി; അലയടിച്ച് പ്രതിഷേധം

0

 

കോഴിക്കോട്: ഇസ്്‌ലാമിക ശരീഅത്തിനെതിരേയുള്ള പോരാട്ടത്തില്‍ ചരിത്രത്തെ ഓര്‍മിപ്പിച്ച് സമസ്ത ശരീഅത്ത് സമ്മേളനം ജനസാഗരത്തെ സാക്ഷിനിര്‍ത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയും റോഡും സമീപപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാകാതെ നഗരം വീര്‍പ്പുമുട്ടിയപ്പോള്‍ ശരീഅത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട് 1985 ഏപ്രില്‍ 23ന് ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഖ്യാപനത്തെ അനുസ്മരിപ്പിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ നിലപാട് വീണ്ടും ആവര്‍ത്തിച്ചു.

 

ശരീഅത്ത് വിഷയത്തില്‍ കൈകടത്താനുള്ള എല്ലാ നീക്കങ്ങളെയും നിയമം അനുശാസിക്കുന്ന രീതിയിലും ജനാധിപത്യ സംവിധാനത്തിലൂടെയും ചെറുത്തുതോല്‍പ്പിക്കുമെന്ന സമസ്ത അധ്യക്ഷന്റെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ തക്ബീര്‍ധ്വനികളോടെ ഏറ്റുവാങ്ങി. ശരീഅത്ത് വിഷയത്തില്‍ ഒരുതരത്തിലുമുള്ള ഭേദഗതിക്കോ ഒത്തുതീര്‍പ്പിനോ മുസ്‌ലിം സമൂഹം ഒരുക്കമല്ലെന്നും അത്തരം ഒത്തുതീര്‍പ്പുകള്‍ മതവിരുദ്ധമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു. മതവിശ്വാസത്തേക്കാള്‍ ഫെമിനിസത്തിനും യുക്തിവാദത്തിനും പ്രാധാന്യം നല്‍കുമ്പോള്‍ പൗരന്റെ വിശ്വാസസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം മതവിശ്വാസപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വിലകല്‍പ്പിക്കണമെന്നും പാശ്ചാത്യസംസ്‌കാരം പറിച്ചുനടാനുള്ള വ്യഗ്രത ഭാരതത്തിന്റെ പൈതൃകത്തെ തകര്‍ക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി.

മുത്വലാഖ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ തിരുത്തേണ്ടത് അത്തരക്കാരെയാണെന്നും അല്ലാതെ ചിലഘട്ടങ്ങളില്‍ അനിവാര്യമായ മുത്വലാഖ് എന്ന സംവിധാനത്തെ ഇല്ലാതാക്കുന്നത് യുക്തിയല്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിയണമെന്നും ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വികാരമേറ്റ് മുറിവേല്‍ക്കേണ്ടിവരുമെന്നും സമ്മേളനം വ്യക്തമാക്കി.

ഇസ്‌ലാമിക ശരീഅത്തിനെതിരേ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന ആഹ്വാനവുമായി സമസ്ത നടത്തിയ ശരീഅത്ത് സമ്മേളനത്തില്‍ പ്രതിഷേധം അലയടിക്കുകയായിരുന്നു.

ശരീഅത്ത് വിഷയത്തില്‍ അടിക്കടിയുണ്ടാകുന്ന ഇടപെടലുകളില്‍ മുസ്‌ലിം സമൂഹത്തിന്റെ ആശങ്കകളായിരുന്നു ഇന്നലെ സമസ്തയുടെ നേതൃത്വത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമസ്ത ശരീഅത്ത് സമ്മേളനത്തിനെത്തിയ ജനസാഗരം സാക്ഷ്യപ്പെടുത്തിയത്. നാടിന്റെ നാനാ ദിക്കുകളില്‍നിന്ന് എത്തിയവരെ ഉള്‍ക്കൊള്ളാനാകാതെ കോഴിക്കോട് നഗരം വീര്‍പ്പുമുട്ടി.

മുതലക്കുളം മൈതാനിയില്‍ ഇടംപിടിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉച്ചയോടെതന്നെ പ്രവര്‍ത്തകര്‍ പ്രത്യേക വാഹനങ്ങളില്‍ നഗരത്തിലെത്തി. ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ജനസഞ്ചയം നിറഞ്ഞതോടെ പാളയം മുതല്‍ മാനാഞ്ചിറവരെ റോഡില്‍ ഗതാഗതം പൂര്‍ണമായി വിലക്കേണ്ടിവന്നു. ഇവിടെയും ഉള്‍ക്കൊള്ളാതെ ജനങ്ങള്‍ നഗരത്തിന്റെ മറ്റുഭാഗങ്ങളില്‍ നിറഞ്ഞു. പലര്‍ക്കും സമ്മേളന നഗരിയിലെത്താന്‍ പോലുമായില്ല. മഗ്്‌രിബ് നിസ്‌കാരത്തിനും നഗരിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

Share.