സുന്നി കൈരളിയെ നെഞ്ചിലേറ്റാന്‍ കോഴിക്കോട് ഒരുങ്ങി

0

കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരേ നടക്കുന്ന കുത്സിത നീക്കങ്ങളില്‍ പ്രതിഷേധിക്കാന്‍ സമസ്തയുടെ നേതൃത്വത്തില്‍ സുന്നി കൈരളി ഇന്ന് കോഴിക്കോട്ട് സംഗമിക്കും. സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വൈകിട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന സമസ്ത ശരീഅത്ത് സമ്മേളനം ശരീഅത്തില്‍ കൈകടത്താന്‍ നീക്കം നടത്തുന്നവര്‍ക്ക് താക്കീതാകും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.കെ രാഘവന്‍ എം.പി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും സംഘാടക സമിതി ജന.കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ നന്ദിയും പറയും.

Share.