തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം അപകടകരം: പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍

0

തിരൂര്‍: തീവ്രവാദികള്‍ പൊതുസമൂഹത്തില്‍ ഇടപെടുന്നതും അവര്‍ക്ക് അതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സുന്നീ യുവജന സംഘം ജന: സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പൈതൃക സന്ദേശ യാത്രയുടെ നാലാം ദിവസത്തെ പര്യടന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദവും ഭീകരവാദവും ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ല. തീവ്രവാദികള്‍ രാഷ്ട്രീയത്തിലും മറ്റും നുഴഞ്ഞു കയറുന്നത് നല്ല പ്രവണതയല്ല. അവര്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നതും അപകടംതന്നെ. യുവജന വിഭാഗത്തിന്റെ മനസ്സില്‍ ആത്മീയ അവബോധം സൃഷ്ടിക്കുകയല്ലാതെ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. 1954 മുതല്‍ പ്രവര്‍ത്തിക്കുന്ന സുന്നീ യുവജന സംഘത്തിന്റെ ലക്ഷ്യവും ഇതു തന്നെയാണ്. മത വിശ്വാസികളുടെ പരസ്പര സ്‌നേഹവും മമതയും നിലനില്‍ക്കണം. പൈതൃകത്തിന്റെ സമ്പന്നമായ ഇന്നലെകള്‍ വീണ്ടെടുക്കപ്പെടണം. ഓരോരുത്തര്‍ക്കും അവരവരുടെതായ വിശ്വാസത്തില്‍ അടിയുറച്ചു നിന്ന് പരസ്പര സഹകരണം സാധ്യമാണെന്ന് തെളിയിച്ച പൂര്‍വികരുടെ മാര്‍ഗം അവലംബിക്കാന്‍ ഇന്നത്തെ സമൂഹം തയ്യാറായാല്‍ സമൂഹത്തിലെ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൈതൃക സന്ദേശ യാത്രക്ക് ഇന്നലെ പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം മലപ്പുറം ജില്ലാ അതിര്‍ഥിയായ എടപ്പാളില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ജാഥാ നായകനെ ഷാളണിയിച്ച് സ്വീകരിച്ചു. സുന്നീ മഹല്ല് ഫെഡറേഷന്‍, സമ്‌സ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. എസ്.വൈ.എസ് ആമില സംഘവും എസ്.കെ.എസ്.എസ്.എഫ് വിഖായ സംഘവും പ്രത്യേക യൂണിഫോം ധരിച്ച് യാത്രയെ അനുഗമിച്ചു.
എടപ്പാളില്‍ നല്‍കിയ ആദ്യ സ്വീകരണം സമസ്ത പ്രസിഡണ്ട് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സര്‍ഗ സഞ്ചാരം യാത്രക്ക് കൊഴുപ്പേകി. ജിദ്ദാ എസ്.വൈ.എസ് നേതാക്കള്‍ പ്രത്യേക സംഗമായി യാത്രയെ അനുഗമിച്ചു. ജില്ലയിലെ രണ്ടാം സ്വീകരണ കേന്ദ്രമായ കോട്ടക്കല്‍ ബസ് സ്റ്റാന്റ് പരിസരിത്തു നടന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ തിരൂരില്‍ യാത്ര സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സമസ്ത വൈ: പ്രസിഡണ്ട് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എ.മരക്കാര്‍ ഫൈസി നിറമരുതൂര്‍, ഇമ്പിച്ചി കോയ തങ്ങള്‍ പഴയലക്കിടി, ഹാജി.കെ.മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, ഉമര്‍ ഫൈസി മുക്കം, എം.പി മുസ്ത്വഫല്‍ ഫൈസി, എം.എം ഹമീദ് പ്രസംഗിച്ചു. ഇന്ന് 9 മണിക്ക് ചെമ്മാട് നിന്ന് ആരംഭിക്കുന്ന യാത്ര, 11 ന് കൊണ്ടോട്ടി, 12 ന് മലപ്പുറം, 3 ന് പെരിന്തല്‍മണ്ണ, 4 ന് മഞ്ചേരി, 6 ന് ഗൂഡല്ലൂരിലും സമാപിക്കും.

Share.