കര്‍മ്മ സജ്ജതയറിയിച്ച് വളണ്ടിയര്‍ മാര്‍ച്ച്

0

volunteer (1000 x 484)

കാസര്‍ഗോഡ്: ചെര്‍ക്കള വാദീതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സംസ്ഥാന മഹാസമ്മേളനത്തിനു മുന്നോടിയായി വളണ്ടിയറേഴ്‌സ് മാര്‍ച്ച് നടന്നു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന നൂറുകണക്കിന് വളണ്ടിയര്‍മാര്‍ അണി നിരന്ന മാര്‍ച്ച് ഇന്നലെ വൈകീട്ട് തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്.
യുവ പ്രവര്‍ത്തകരുടെ വിഖായ യൂണിറ്റും ത്വലബ വിഭാഗം പ്രവര്‍ത്തകരുടെ ആമില യൂണിറ്റുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സമ്മേളനത്തിന്റെ സന്ദേശം കാഴ്ചക്കാരിലേക്ക് പകരുന്നതോടൊപ്പം സംഗമത്തിന്റെ കുറ്റമറ്റ നടത്തിപ്പിന് തങ്ങള്‍ സര്‍വ്വ സജ്ജരാണെന്ന് തുറന്നറിയിക്കുന്നതു കൂടിയായിരുന്നു വളണ്ടിയര്‍മാരുടെ പ്രകടനം.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുര്‍റഹ്മാന്‍ മൗലവി വളണ്ടിയര്‍ ക്യാപ്റ്റന്‍ റശീദ് ഫൈസി വെള്ളായിക്കോടിന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.എസ്.വൈ.എസ് സംസ്ഥാന നേതാക്കന്മാരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖത്തര്‍ ഇബ്രാഹീം ഹാജി, മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.

അസിസ്റ്റന്റ് ക്യാപ്റ്റന്മാരായ റഫീഖ് അഹ്മദ് തിരൂര്‍, റിയാസ് ഫൈസി വയനാട്, ഉമറലി ശിഹാബ്, അബ്ദുല്‍ സലാം ഫറോക്ക്, അബ്ദുല്‍ ബാസിത്ത് ഹിദായ, ത്വയ്യിബ് റഹ്മാന്‍ എന്നിവര്‍ മുന്‍നിരയില്‍ അണിനിരന്നു.അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ സന്ദേശം വിളംബരം ചെയ്ത റാലി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

Share.