സിഎം ഉസ്താദിന്റെ ദീപ്ത സ്മരണകളുമായി ഇന്ന് സുന്നി യുവജന മഹാ സംഗമത്തിന് തുടക്കമാവും

0

wadikavadam (1000 x 666)

കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും മംഗലാപുരം – കീഴൂര്‍ ഖാസിയുമായിരുന്ന ശഹീദേ മില്ലത്ത് സി.എം അബ്ദുല്ല മൗലവിയുടെ ദീപ്ത സ്മരണകളുമായി സുന്നി യുവജന സംഘം 60 ാം വാര്‍ഷിക മഹാ സമ്മേളനത്തിന് ഇന്ന് ചെര്‍ക്കള വാദീതൈ്വബയില്‍ തുടക്കമാവും. വാദീതൈ്വബയില്‍ നടക്കുന്ന അനുസ്മരണ സെഷനില്‍ ഖാസി സി.എം ഉസ്താദിന്റെ അമര സ്മൃതികള്‍ ഉയരും. ചെമ്പരിക്ക സി.എം മഖാമില്‍ സിയാറത്തും പ്രാര്‍ത്ഥനാ സംഗമവും നടന്നു. രാവിലെ തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ജബ്ബാര്‍ മുസ്ലിയാര്‍ മിത്തബയല്‍ നേതൃത്വം നല്‍കി.

 

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ അമര സ്മരണകള്‍ മുഴച്ചുനില്‍ക്കുന്ന വാദീതൈ്വബയില്‍ ഇന്ന് ഉച്ചക്ക് ഖാസി സ്ഥാനത്തിലും സമസ്ത – സ്ഥാപന സാരഥ്യത്തിലും ഖാസിയുടെ പിന്‍ഗാമിയായ ത്വാഖാ അഹ്മദ് മൗലവി പതാക ഉയര്‍ത്തുന്നതോടെ പതിനഞ്ച് നൂറ്റാണ്ടുകളുടെ പൈതൃകം വിളിച്ചോതുന്ന സുന്നി യുവജന മഹാസംഗമത്തിന് കൊടിയേറും.

 

വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ചെര്‍ക്കള അബ്ദുല്ല അധ്യക്ഷത വഹിക്കും. സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. കര്‍ണാടക വഖഫ് ബോര്‍ഡ് മന്ത്രി ഖമറുല്‍ ഇസ്ലാം സുവനീര്‍ പ്രകാശനം ചെയ്യും. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഏറ്റുവാങ്ങും. ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി സ്മരണിക പ്രകാശനം ചെയ്യും. ഇസ്മാഈല്‍ ഹാജി കല്ലടുക്ക ഏറ്റുവാങ്ങും. എം. പി അബ്ദുസ്സമദ് സമദാനി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

 

തുടര്‍ന്ന് നടക്കുന്ന തസ്‌ക്കിയ്യ സെഷന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ. എ റഹ്മാന്‍ ഫൈസി, എം.ടി അബ്ദുല്ല മുസ്ലിയാര്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

രാത്രി 9.30 ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

 

 

Share.