സുന്നിയുവജനങ്ങള്‍ക്ക് ആദര്‍ശ കാവലാള്‍

മുസ്‌ലിം സമൂഹത്തിനിടയില്‍ അജയ്യമായ നായകത്വം നല്‍കി 1926ല്‍ വരക്കല്‍ മുല്ലക്കോയതങ്ങളുടെ നേതൃത്വത്തില്‍ രൂപീകൃതമായ സമസ്തകേരള ‘ജംഇയ്യത്തുല്‍ ഉലമാ’ മുന്നേറുന്നതിനിടയില്‍ നവോത്ഥാന സംരംഭത്തിന്റെ ഭാഗമായി സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. സുന്നി യുവാക്കളിലേക്ക് അത് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ശക്തമായ ചര്‍ച്ച നടക്കുകയും അതിന്റെ തുടര്‍ച്ചയായി ഇശാഅത്ത് കമ്മിറ്റിയും ആമിലാ സംഘവും ജന്മമെടുക്കുന്നത്. പ്രവര്‍ത്തനം പണ്ഡിതന്മാരില്‍ നിന്ന് പൊതുജനത്തിന്റെ ഇടയിലേക്കു വ്യാപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കാര്യവട്ടം സമ്മേളനത്തില്‍ വെച്ചാണ് മൗലാനാ പറവണ്ണയുടെ നേതൃത്വത്തില്‍ ഇശാഅത്ത് കമ്മിറ്റി രൂപീകരിച്ചത്. ഒമ്പതംഗഇശാഅത്ത് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഇവരാണ്: റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍, കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ കണ്ണൂര്‍, കെ പി മുത്തുക്കോയ തങ്ങള്‍ തലശ്ശേരി, അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാര്‍, ഒ അബ്ദുറഹിമാന്‍ മൗലവി, എം അബ്ദുല്‍ അസീസ് മൗലവി കൊടിയത്തൂര്‍, കെ സദഖത്തുല്ലാ മൗലവി, അബുല്‍ കമാല്‍ മുഹമ്മദ് മൗലവി.
ഈ പറയപ്പെട്ടഓരോ ഇശാഅത്ത് അംഗങ്ങലുടെയും നേതൃത്വത്തില്‍ ഓരോ ആമിലാസംഘം രൂപീകരിക്കണമെന്നായിരുന്നു തീരുമാനം. അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആലിമുകള്‍ (പണ്ഡിതന്മാര്‍) ആവണമെന്നില്ലെന്നും സുന്നികളായാല്‍ മതിയെന്നും തീരുമാനത്തില്‍ പറയന്നുണ്ട്.
താനൂരില്‍ വെച്ച് ചേര്‍ന്ന സമസ്തയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് ആമിലാസംഘം ‘സുന്നിയുവജന സംഘമായി രൂപാന്തരപ്പെടുന്നത്. 1954 ഏപ്രില്‍ 24, 25 തിയ്യതികളിലായിരുന്നു സമ്മേളനം നടന്നത്. പ്രശസ്ത പണ്ഡിതനും ദക്ഷിണേന്ത്യന്‍ മുഫ്തിയുമായ ശൈഖ് ആദം ഹസ്‌റത്തിന്റെ അദ്‌യക്ഷതയിലായിരുന്നു വാര്‍ഷിക സമ്മേളനം. പ്രസ്തുത സമ്മേളനത്തിലെ പ്രഭാഷകരില്‍ പ്രമുഖരായ പറവണ്ണ കെ പി എ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരും പതിഅബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സുന്നീയുവാക്കളെ സംഘടിപ്പിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. തുടര്‍ന്ന് സുന്നീയുവപണ്ഡിതരും പ്രവര്‍ത്തകരും ഇസ്ലാഹുല്‍ ഉലൂമിന്റെ ഒരു റൂമില്‍ ഒരുമിച്ച് കൂട്ടുകയും എസ് വൈ എസ് രൂപീകരിക്കാന്‍തീരുമാനിക്കുകയും ചെയ്തു. അധികം താമസിയാതെ കോഴിക്കോട് ചേര്‍ന്ന സുന്നീ കണ്‍വെന്‍ഷനില്‍ വെച്ച് സുന്നിയുവജനസംഘം രൂപീകരിക്കപ്പെട്ടു.
അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅയുടെ തനതായ ആദര്‍ശങ്ങള്‍ ബഹുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സംഘടന ഉയര്‍ത്തിക്കാട്ടുന്നത്. പേരില്‍ ‘യുവജനം’ എന്ന് ഉണ്ടെങ്കിലും നാളിതുവരെയുള്ള സുന്നിയുവജനസംഘത്തിന്റെ ചരിത്രവും ഭരണഘടനയും അതില്‍ പ്രായമായവുരും പ്രവര്‍ത്തിച്ചിരുന്നു എന്നും പ്രവര്‍ത്തിക്കാവുന്നതാണ് എന്നും മനസ്സിലാക്കാന്‍ സാധിക്കും.
സംഘടനയുടെ രൂപീകരണം 1954-ല്‍ നടന്നിട്ടുണ്ട്. എങ്കിലും സമസ്ത കേരളജംഇയ്യത്തുല്‍ ഉലമായുടെ ആധികാരിക കീഴ്ഘടകമായി എസ് വൈ എസിനെ അംഗീകരിച്ചത് 1961ല്‍ കക്കാട് വെച്ച് ചേര്‍ന്ന സമസ്തയുടെ

21-ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ്. 1961 ഫെബ്രുവരി 9-ാം തിയ്യതി നടന്ന പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. അവ വിശദീകരിച്ചുകൊണ്ട് പൂന്താവനം എന്‍ അബ്ദുല്ലാമുസ്‌ലിയാരും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരും സുദീര്‍ഘപ്രഭാഷണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് സംഘടനയുടെ വളര്‍ച്ച ശ്രീഘ്രഗതിയില്‍ ആയത്. ബിദ്അത്തിന്റെ കോട്ടകൊത്തളങ്ങളെ തകര്‍ത്തെറിഞ്ഞ് സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ച് സംഘടന മുന്നേറിയത്.
1955 മുതല്‍ 1959 വരെ ബി കുട്ടിഹസന്‍ഹാജി പ്രസിഡന്റും കെ എം മുഹമ്മദ് കോയ സിക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഉണ്ടായിരുന്നത്. 59-ല്‍ പ്രശസ്ത വാഗ്മിയും അഹ്‌ലുസുന്നയുടെ ഗര്‍ജ്ജിക്കുന്ന സിംഹവുമായിരുന്ന പൂന്താവനം എന്‍ അബ്ദുല്ലാ മുസ്‌ലിയാര്‍ പ്‌സിഡന്റും ബി കുട്ടിഹസന്‍ഹാജി സെക്രട്ടറിയുമായി കമ്മിറ്റി പുനസംഘടിപ്പിച്ചു.
നവീന വേലിയേറ്റങ്ങളെ തന്റെ വാക്ചാരുതി കൊണ്ടും കര്‍മ്മകുശലതകൊണ്ടും തടഞ്ഞുനിര്‍ത്തിയ എന്‍ അബ്ദുല്ലാമുസ്‌ലിയാര്‍ സുന്നീ യുവസമൂഹത്തിന്റെ ആവേശമായിരുന്നു. 1962 വരെ മൗലാനാ പൂന്താവനം എസ് വൈ എസിന് വേണ്ടി അശ്രാന്ത പ്രയത്‌നം നടത്തി. 1962 മുതല്‍ പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് സംഘടനയുടെ പ്രസിഡന്റായി. ഇസ്‌ലാമിക വിരുദ്ധ കാര്‌യ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം പടക്കാനുതകുന്ന യുവസമൂഹത്തെ കര്‍മ്മസജ്ജാമാക്കാന്‍ മൗലാനാ കെ വിയുടെ ഭഗീരഥ പ്രയത്‌നത്തിന് സാധിച്ചു. മഹാന്‍ പ്രസിഡന്റായിരിക്കെയാണ് സംഘടനക്കൊരു മുഖപത്രം വേണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. അതിന്റെ ഫലമായി, 1964-ല്‍ സുന്നീ ടൈംസ് എന്ന പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. കെ വി തന്നെയായിരുന്നു അതിന്റെ ആദ്യത്തെ ചീഫ് എഡിറ്റര്‍. സുന്നീയുവജനസംഘത്തിന്റെ മുഖപത്രത്തിന്റെ മുഖ്യപത്രാധിപന്മാരായി പിന്നീട് അമാനത്ത് കോയണ്ണിമുസ്‌ലിയാരും ശംസുല്‍ ഉലമായും സേവനം ചെയ്തിട്ടുണ്ട്. സുന്നീ ടൈംസ് പതിമൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചുവെങ്കിലും ശേഷം ചില സാങ്കേതികകാരണങ്ങള്‍ കൊണ്ട് നിന്നുപോയി. പിന്നീട് സുന്നീവോയ്‌സ് ആരംഭിക്കുകയും പ്രസ്തുത പത്രം സമസ്തയില്‍നിന്ന് വ്യതിചലിച്ച പ്രത്യേക താല്‍പര്യക്കാര്‍ കയ്യടക്കിയതിനാല്‍ ‘സുന്നീ അഫ്കാര്‍’ പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു.
1965 മുതല്‍ സംഘടനയുടെ പ്രസിഡന്റ് എം എം ബശീര്‍ മുസ്‌ലിയാര്‍ ആയിരുന്നു. പ്രസ്തുത കാലയളവില്‍ തന്നെയാണ് മോയിമോന്‍ഹാജി സെക്രട്ടറിയായതും. എം എം ബശീര്‍ മുസ്‌ലിയാര്‍ തന്റെ സംഘടനാപാടവം കൊണ്ടും കര്‍മ്മോത്സുകതകൊണ്ടും യുവജനമുന്നേറ്റത്തിനുതകുന്ന പടനിലമാക്കി എസ് വൈ എസിനെ മാററി. സംഘടനാ സംവിധാനത്തിന് പുതിയ മാനം കൈവന്നത് എം എം ബശീര്‍ മുസ്‌ലിയാരുടെ കൈയില്‍ സംഘടനയുടെ നേതൃത്വം ലഭിച്ച ശേഷമാണ്. അഹ്ലുസുന്നയുടെ മാര്‍ഗത്തിലേക്ക് കടന്നുവരാന്‍ മടിച്ചുനിന്ന വിദ്യാസമ്പന്നരായ യുവാക്കളെ ബശീര്‍ മുസ്‌ലിയാരുടെ നേതൃപാടവവും സംഘടനാവൈഭവവും ആകര്‍ഷിച്ചു. ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയവരെ ‘ചാക്കിട്ട് പിടിക്കാന്‍’ നവീനവാദഗതിയുടെ ആളുകള്‍ നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാരായി ചമഞ്ഞ് കിണഞ്ഞ് നോക്കുന്ന മൂര്‍ദ്ധന്യ സമയത്തായിരുന്നു അത്. ബഷീര്‍ മുസ്‌ലിയാര്‍ തന്റെ വാഗ്‌വൈഭവം കൊണ്ട് യുവജനവിഭാഗത്തിന് പ്രതീക്ഷകള്‍ നല്‍കി. അവരുടെ ചിന്താമണ്ഡല്തതില്‍ ജീവിതലക്ഷ്യത്തിന്റെ ഉദാത്ത ബോധം അങ്കുരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രയത്‌ന ഫലമായി യുവജന സമൂഹം സുന്നീകൈരളിയില്‍ ലയിച്ചു ചേരാന്‍ വ്യഗ്രതകാട്ടി.
ബശീര്‍ മുസ്‌ലിയാര്‍ക്ക് ശേഷം സംഘടനയുടെ സാരഥ്യം ഏറ്റെടുത്തത്, മുസ്‌ലിം ഇന്ത്യ എന്നും സ്മരിക്കുന്ന നായകന്‍ പി എം എസ് എ പൂക്കോയ തങ്ങളായിരുന്നു. 25.8.68ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് പൂക്കോയ തങ്ങള്‍ പ്രസിഡന്റാവുന്നത്. കെ പി ഉസ്മാന്‍ സാഹിബിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ബശീര്‍ മുസ്‌ലിയാര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന് കൂടുതല്‍ ജനസമ്മതി നേടിക്കൊടുക്കാന്‍ പൂക്കോയ തങ്ങളുടെ നേതൃത്വത്തിന്നായി. രാപകല്‍ ഭേദമന്യേ പൊതുജനത്തിന്റെ വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അദ്ദേഹം പ്രയത്‌നിച്ചു. ആരോഗ്യം നശിച്ച് അന്ത്യത്തോടടുക്കുന്ന സമയത്ത് പോലും സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവ ശ്രദ്ധ ചെലുത്താന്‍ തങ്ങള്‍ പരിശ്രമിച്ചിരുന്നു. മുസ്‌ലിം രാഷ്ട്രീയ സംഘശക്തിയില്‍ സമുദായത്തിന് കോര്‍ത്തിണക്കിയ തങ്ങള്‍ യുവ സമൂഹത്തിന് ആര്‍രജ്ജവബോധവും സമുദായത്തിന്റെ അവകാശസംരക്ഷണത്തിന്റെ അത്യന്താപേക്ഷിത ഘടകങ്ങളും ബോധ്യപ്പെടുത്തി. പിന്നീട് എസ് വൈ #െസിനെ ആദര്‍ശവൈകല്യങ്ങളുടെ ഇരുട്ടിലേക്ക് ആനയിക്കാന്‍ ശ്രമിച്ചവര്‍ പൂക്കോയതങ്ങലുടെ പാരമ്പര്യത്തെ വിസ്മരിക്കുന്നവരാണ്. 1973 ഫെബ്രുവരി 24ന് ചേര്‍ന്ന മുശാവറ പാണക്കാട് പൂക്കോയതങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തിരുന്നു. മുശാവറയില്‍ അംഗമാവുന്നതിന് മുമ്പ് തന്നെ മുശാവറയിലേക്ക് പ്രത്യേക ക്ഷണിതാവായിരുന്നു പൂക്കോയ തങ്ങള്‍. ബാഫഖിതങ്ങളും ഈ നിലയില്‍ ശോഭിച്ചവരാണ്. മുസ്‌ലിം ലീഗിന്റെ അദ്ധ്യക്ഷപദവിയും എസ് വൈ എസിന്റെ അദ്ധ്യക്ഷ പദവിയും മുശാവറ മെമ്പര്‍ കൂടിയായ പൂക്കോയതങ്ങള്‍ വഹിച്ചിരുന്നു. മുശാവറാ അംഗവും വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷററും മുസ്‌ലിം ലീഗിന്റെ പ്രസിഡന്റും ആയിരുന്ന ബാഫഖി തങ്ങള്‍ മഹിതമായ പാരമ്പര്യത്തിന്റെ വക്താവായിരുന്നു. സമുദായ രാഷ്ട്രീയ പാര്‍ട്ടിയോടുള്ള അന്ധമായ വിരോധം കാരണം അപസ്വരങ്ങല്‍ സൃഷ്ടിച്ച് സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. സമസ്തക്ക് ഔദ്യോഗികമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല.
പൂക്കോയതങ്ങള്‍ പ്രസിഡന്റായ കാലത്തു തന്നെയാണ് സി എച്ച് ഹൈദ്രോസ് മുസ്‌ലിയാരെ സംഘടനയുടെ ചീഫ് ഓര്‍ഗനൈസറായി നിയമിച്ചത്. തങ്ങളുടെയും കെ പി ഉസ്മാന്‍ സാഹിബിന്റെയും സി എച്ച് ഹൈദ്രോസ് മുസ്‌ലിയാരുടെയും പ്രയത്‌നത്തിന്റെ ഫലമായാണ് കേരളത്തിന്റെ ഓരോ മൂലകളില്‍ സുന്നീയുവജനസംഘത്തിന്റെ സന്ദേശം എത്തുന്നത്. കേരളമൊട്ടാകെ സംഘടന പടര്‍ന്ന് പന്തലിക്കാന്‍ പ്രയത്‌നിച്ചവരെ വേദനിപ്പിക്കാന്‍ അധികാരമത്ത് ബാധിച്ച ചിലര്‍ നടത്തിയ കൊടുംപാതകങ്ങല്‍ മാപ്പര്‍ഹിക്കാത്തതത്രെ.
സി എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ വിദ്യാര്‍ഥിയായിരുന്ന ഘട്ടത്തില്‍തന്നെ എം എം ബഷീര്‍ മുസ്‌ലിയാരുമായി ചേര്‍ന്ന് സംഘടനാ രംഗത്ത് വിപ്ലവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന ഹൈദ്രോസ് മുസ്‌ലിയാര്‍ സുന്നിയുവജന സംഘം 1989-ല്‍ പുനസംഘടിപ്പിച്ചപ്പോള്‍ ജന. സെക്രട്ടറിയായി സേവനം ചെയ്തു പുനസംഘടിപ്പിക്കേണ്ടിവന്ന പശ്ചാത്തലത്തെക്കുറിച്ച് ഇന്‍ശാ അല്ലാഹ് പിന്നീട് വിവരിക്കാം.
പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ക്ക് ശേഷം 1975 മുതല്‍ ചാപ്പനങ്ങാടിബാപ്പുമുസ്‌ലിയാര്‍ സംഘടനയുടെ പ്രസിഡന്റായി. ആത്മീയസാന്നിധ്യംകൊണ്ട് കേരള പണ്ഡിതന്മാരുടെയിടയില്‍ സൗരൂപ്യം നേടിയിരുന്ന മഹാന്‍ സമുദായത്തിന്റെ ബഹുജനാടിത്തറ കെട്ടിപ്പൊക്കുന്നതില്‍ മഹത്തായ പങ്ക് വഹിച്ചു. സമസ്തയുടെ സ്ഥാപനമായ ജാമിഅ:യുടെയും സമസ്ത കീഴ്ഘടകങ്ങളുടെയും സജീവ സാന്നിധ്യമായിരുന്ന ബാപ്പു മുസ്‌ലിയാര്‍ ജാമിഅയുടെ വൈസ് പ്രസിഡന്റായി. ഒരര്‍ത്ഥത്തില്‍ പി എം എസ് എ പൂക്കോയങ്ങളുടെ പിന്‍ഗാമിയായിരുന്നു ചാപ്പനങ്ങാടി ഉസ്താദ്. നിരവധി ത്വരീഖത്തുകളുടെ ശൈഖായ മഹാനെ ചിലര്‍ വേദനിപ്പിച്ച വസ്തുത എസ് വൈ എസിന്റെ ചരിത്രം സ്മരിക്കുമ്പോള്‍ മറക്കാന്‍ സാധ്യമല്ല. 1974ല്‍ സമസ്തയില്‍ കയറിക്കൂടിയ രാഷ്ട്രീയ താല്‍പര്യം പ്രകടമായി പ്രതിഫലിപ്പിച്ചിരുന്ന വ്യക്തിയുടെ കുരുട്ടുതന്ത്രത്തിന്റെ ഫലമായി ചാപ്പനങ്ങാടി ഉസ്താദിനെയും സെക്രട്ടറിയായിരുന്ന കെ പി ഉസ്മാന്‍ സാഹിബിനെയും അഖിലേന്ത്യാ തലത്തിലേക്ക് ഉയര്‍ത്തി. 1968 മുതല്‍ 1975 വരെ സെക്രട്ടറിയായിരുന്നു കെ പി ഉസ്മാന്‍ സാഹിബ്. അദ്ദേഹം ഈ പ്രസ്ഥാനം കെട്ടിപ്പടുത്തുയര്‍ത്താന്‍ നടത്തിയ സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കുക സാധ്യമല്ല. ഒരു ഗൂഢാലോചനയുടെ ഫലമായാണ് പ്രസിഡന്റിനേയും സെക്രട്ടറിയേയും അഖിലേന്ത്യാ തലത്തിലേക്ക് ഉയര്‍ത്തിയത് എന്ന് എഴുതേണ്ടിവന്നതില്‍ വേദനയുണ്ട്. പിന്നീട് നടന്ന വരട്ടു തന്ത്രങ്ങളെക്കുറിച്ചും അവയെ സമുദായം തിരസ്‌കരിച്ചതിനെക്കുറിച്ചും വഴിയെ പ്രസ്താവിക്കുന്നുണ്ട്.
ചാപ്പനങ്ങാടി ഉസ്താദിനെ അഖിലേന്ത്യാതലത്തിലേക്ക് ഉയര്‍ത്തിയ ശേഷം സംഘടനയുടെ ആവേശമായ ഇ കെ ഹസ്സന്‍ മുസ്‌ലിയാരായിരുന്നു, 1976-1982 വരെയുള്ള കാലയളവില്‍ സംഘടനയുടെ പ്രസിഡന്റ്. അഹ്‌ലുസുന്നത്തി വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങള്‍ മാറ്റി മറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വെല്ലുവിളിയായി ഉയര്‍ന്ന് വന്നിരുന്ന മഹാന്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്തി ജനസമൂഹത്തെ സമുദ്ധരിപ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. വിശ്രമമില്ലാതെയുള്ള ദീനീപ്രചരണം കാരണം രോഗബാധിതനായി മരണപ്പെടുകയായിരുന്നു. ശംസുല്‍ ഉലമായുടെ സഹോദരന്‍ കൂടിയായിരുന്ന ഹസ്സന്‍ മുസ്‌ലിയാര്‍ വാദപ്രതിവാദങ്ങളിലൂടെയും ഖണ്ഡന പ്രസംഗങ്ങളിലൂടെയും സുന്നിവിരുദ്ധരുടെ വാദഗതികള്‍ക്ക് ചുട്ട മറുപടി നല്‍കി സമസ്തയുടെ വീഥിയില്‍ ജ്വലിച്ചു നിന്നു. ഇ കെ ഹസ്സന്‍ മുസ്‌ലിയാരുടെ ശേഷം എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രസിഡന്റാകുകയുണ്ടായി. 1976 മുതല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ആദ്യം ആക്ടിംഗ് സെക്രട്ടറിയും പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. സംഘടനാ ചരിത്രത്തില്‍ ഏറ്റവും വലിയ അട്ടിമറികള്‍ നടന്നത് ഇക്കാലത്തായിരുന്നു എന്ന് വിസ്മരിക്കാന്‍ കഴിയില്ല. 1989ല്‍ സംഘടനാ അനിവാര്യ ഘട്ടത്തില്‍ പുന:സംഘടിപ്പിക്കേണ്ടിവന്നു.

സമസ്തയുടെ അടിസ്ഥാന ആശയങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ ചിലര്‍ ധാര്‍ഷ്ട്യം കാട്ടിയതാണ് അവരെ പുറത്താക്കുന്നതിലേക്ക് മുശാവറ തീരുമാനമെത്തിയത്. സുന്നീ ആശയങ്ങളുടെ പ്രചരണമാണ് സമസ്ത യുടെ ലക്ഷ്യമെന്ന് മുമ്പ് പ്രസ്താവിച്ചു. അതിന് ആക്കം കൂട്ടാനാണ് സുന്നീയുവജനസംഘത്തെ ഉണ്ടാക്കിയതും. 1961-ല്‍ സമസ്തയുടെ ഊന്നുവടിയായി ഔദ്യോഗികമായി അംഗീകരിച്ചതും. എന്നാല്‍ സ്വാര്‍ത്ഥംഭരികളായ വ്യക്തികള്‍ സംഘടനയുടെ തലപ്പത്ത് കയറിപ്പറ്റിയത് സംഘടനയുടെ സല്‍പേരിന് കളങ്കം ചാര്‍ത്താന്‍ ഉതകും വിധതമായിരുന്നു.
സമാന്തരമെന്നത് ഹരമായി മാറിയ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളം നല്‍കുകയും ചെയ്തു. പില്‍ക്കാലത്ത് 1989ല്‍ സമസ്തയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ തബ്‌ലീഗ് ജമാഅത്ത് പുത്തന്‍ പ്രസ്ഥാനമാണെന്ന് പ്രഖ്യാപിച്ചത് ദഹിക്കാതെ ‘അഖില കേരള ജംഇയ്യത്തുല്‍ ഉലമാ’യുണ്ടാക്കിയവരില്‍ ഉള്‍പ്പെട്ടവരാണ് പ്രശ്‌നങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്നത്. ‘സമസ്ത’യോട് അവര്‍ക്ക് ഒരു തരത്തിലും മമതയില്ലായിരുന്നു. ഈ പ്രസ്ഥാനത്തിനെ ചൂഷണം ചെയ്ത് അവര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അഹ്‌ലുസുന്ന:യുടെ ആശയങ്ങള്‍ക്ക് പുറത്ത് മാത്രം വില നല്‍കുന്നതിലാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നും ശ്രദ്ധിച്ചുപോന്നത്. 1979ല്‍ ഖത്തറില്‍വെച്ച് ജമാഅത്തുകാരുമായി വേദി പങ്കിട്ടത് ഇയാളുടെ സുന്നീആദര്‍ശത്തിന്റെ വോള്‍ട്ട് വരച്ചു കാട്ടുന്നുണ്ട്. ‘മദ്ഹബിന്റെ ഇമാമുകള്‍ക്കിടയിലുള്ള ഭിന്നിപ്പുപോലെ സുന്നി – ജമാഅത്ത് – മുജാഹിദ് പ്രശ്‌നം കേവലം ശാഖാപരവും നിസ്സാരവുമാണ്.’ എന്ന് പ്രസ്തുത യോഗത്തില്‍ കാന്തപുരം പ്രസംഗിച്ചതും (ചന്ദ്രി 16.11.79 ലീഗ് ടൈംസ് 10.11.79). ‘സുന്നിവോയ്‌സില്‍ ജമാഅത്തെ ഇസ്‌ലാമിയെ ആക്ഷേപിച്ച് ഒന്നും എഴുതരുത്’ എന്ന് കത്തയച്ചതും, സമസ്ത വിഭാവന ചെയ്യുന്ന സുന്നീ ആദര്‍ശത്തില്‍നിന്നുള്ള വ്യതിചലനമായിരുന്നു. സുന്നീയുവജനസംഘത്തെ സുന്നീവിരുദ്ധ ആദര്‍ശത്തില്‍ തളച്ചിടാനുള്ള നീക്കത്തെ ബഹുവന്ദ്യരായ ഇ കെ ഹസ്സന്‍ മുസ്‌ലിയാരുടെ അശ്രാന്തപരിശ്രമം കാരണം നടക്കാതെപോയി. സുന്നത്ത് ജമാഅത്തിന്റെ പോരാട്ടവീഥിയില്‍ ജ്വലിച്ച് നിന്ന ആ തീപ്പന്തം ശൈഖുനാ വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാരെയും മൗലാനാ കെ വി മുഹമ്മദ് മുസ്‌ലിയാരെയും ചെന്ന് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും തുടര്‍ന്ന് ചേര്‍ന്ന മുശാവറ കാന്തപുരത്തെ സമസ്തയുടെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ബദല്‍സ്ഥാനത്ത് കെ വി മുഹമ്മദ് മുസ്‌ലിയാരെ നിയമിക്കുകയും ചെയ്തു. സമസ്തയുടെ ആശയത്തില്‍ മായം ചേര്‍ക്കാനുള്ള ശ്രമത്തെ ശക്തമായി തടഞ്ഞുനിര്‍ത്തിയതും പ്രസ്തുത വ്യക്തിക്കെതിരെ നിലപാടെടുക്കാന്‍ മുശാവറയില്‍ ശക്തി യുക്തം പോരാടിയതും ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ ആണ് എന്നത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.
എസ് വൈ എസിനെ രാഷ്ട്രീയ പാര്‍ട്ടിയാക്കിമാറ്റാന്‍ ശ്രമിച്ചതും ഭിന്നവാദഗതികള്‍ ഉയര്‍ന്നുവരുന്നതിന്റെ സൂചനയായിരുന്നു. ‘ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രതയേകം ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ സമസ്തയുടെ കീഴ്ഘടകമായ സുന്നീയുവജനസംഘത്തെ രാഷ്ട്രീയമായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു, എന്ന് കത്തെഴുതിയതും ആ കത്ത് സമസ്തമുശാവറ തള്ളിക്കളഞ്ഞതും എടുത്ത് പറയേണ്ടതാണ്. ചിലര്‍ ചരിത്രം എന്ന രൂപത്തില്‍ വസ്തുതകള്‍ക്ക് നിരക്കാതെ ശംസുല്‍ ഉലമാ ‘സമസ്ത’യെ രാഷ്ട്രീയപാര്‍ട്ടികുടെ വാലാക്കി മാറ്റി എന്ന് വക്രീകരിച്ച് എഴുതുമ്പോള്‍ സത്യം വെളിവാക്കാന്‍ നിര്‍ബന്ധിതനായത് കൊണ്ടാണ് ഇത് രേഖപ്പെടുതേണ്ടിവന്നത്. സമുദായരാഷ്ട്രീയപ്പാര്‍ട്ടിക്ക് എതിരുള്ളവരെമാത്രം തെരഞ്ഞെടുത്ത്, സമസ്തക്കും സുന്നീയുവജനസംഘത്തിനും വേണ്ടി ഭഗീരഥപ്രയത്‌നം നടത്തിയ ആളുകളെ തഴഞ്ഞുകൊണ്ട് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. ഇത് ഭൂരിബാഗം പ്രവര്‍ത്തകരിലും അസ്വസ്ത ഉളവാക്കുകയും സ്റ്റേറ്റ് കമ്മിറ്റിയുടെ ലീഗ് വിരുദ്ധ പ്രവര്‍ത്തനത്തില്‍ മനസ്സ് നൊന്ത് കഴിയുകയും ചെയ്തു. എസ് വൈ എസിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാന്തപുരം നടത്തിയത്. മുശാവറയോഗം ചേര്‍ന്ന് വസ്തുതകള്‍ പഠിക്കാന്‍ വേണ്ടി നിയോഗിച്ച കോട്ടുമല ഉസ്താദും ഉള്ളാള്‍ തങ്ങളും എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും കാന്തപുരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതുമാണ്. എന്നിട്ടും ഉള്ളാള്‍ തങ്ങളും എം എയും കാന്തപുരത്തിന്റെ പിന്നില്‍ തന്നെ കൂടിയത് അവരുടെ തന്നെ മനസ്സാക്ഷിയോടുള്ള വഞ്ചനയത്രെ!
സുന്നീ വിശ്വാസികളെ കമ്യൂണിസ്റ്റ് പാളയത്തിലേക്ക് ക്ഷണിച്ച് പ്രസ്താവനകളിറക്കിയതും ലീഗുകാരായി എന്നത്‌കൊണ്ടുമാത്രം ഇലക്ഷനുകളില്‍ പരാജയപ്പെടുത്താന്‍ മുതിര്‍ന്നതും മതവിരുദ്ധ ആശയത്തിന്റെ പ്രചാരകര്‍ക്ക് ശക്തി പകരുന്ന പ്രവൃത്തികള്‍ നടത്തിയതും ഇസ്‌ലാമിക വിരുദ്ധചെയ്തികളുടെ വക്താക്കള്‍ക്ക് കുഴലുത്തുകാരായി പരിണമിച്ചതും എസ്.വൈ.എസിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അവശേഷിക്കുന്നു.
1979 മുതല്‍ പ്രത്യക്ഷമായിത്തന്നെ സമസ്തയുടെ നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നവര്‍ വ്യത്യസ്തങ്ങളായ കുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായാണ് ചരിത്രം. ഒരു സുപ്രഭാതത്തില്‍ ഉരുത്തിരിഞ്ഞതല്ല. സമസ്തയിലെ പ്രശ്‌നങ്ങള്‍ ആസൂത്രിതമായി രൂപപ്പെടുത്തിയെടുത്തതാണ്. തന്റെ താല്‍പര്യത്തിന് ഒത്തുനീങ്ങുന്ന ചിലരെ കൂട്ടുപിടിക്കാന്‍ അങ്ങനെ വിഘടപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിക്ക് സാധിച്ചു എന്നത് ഒരു പരമാര്‍ത്ഥമാണ്. അവര്‍ തുലോം തുഛമാണെങ്കിലും

നിരവധി തവണ നടത്തിയ മസ്‌ലഹത്ത് ശ്രമങ്ങളും പ്രശ്‌നപരിഹാരചര്‍ച്ചകളും വ്യഥാവിലാക്കുന്ന സമീപനമായിരുന്നു ഭിന്നവാദഗതികളുടെ വക്താക്കളില്‍നിന്ന് ഉണ്ടായി. സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മസ്‌ലഹതും 1987 സെപ്റ്റംബറില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്ത നേതാക്കള്‍ കൂടിയുള്ള ചര്‍ച്ചയും ഫലം കാണാതെ പോയി. പ്രശ്‌നം രഞ്ജിപ്പിക്കലല്ല ഉദ്ദേശ്യമെന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നുണ്ട്. 1988 ല്‍ വിനീതനായ ഞാനും കോട്ടുമല ബാപ്പു മുസ്‌ല്യാരും ഗള്‍ഫ് സന്ദര്‍ശനത്തിലായിരുന്ന വേളയില്‍ ഗള്‍ഫ് സുഹൃത്തുക്കള്‍ മുന്നിട്ടിറങ്ങി വിളിച്ച് കൂട്ടിയ പ്രശ്‌നപരിഹാരശ്രമവും സഫലീകരിക്കപ്പെടാതെ പോയി. ”നാം ഇവിടെ വെന്തു എന്തു ചര്‍ച്ചെ ചെയ്തിട്ടും കാര്യമില്ല. ഇ.കെ. യില്ലാതെ ഒന്നും ഫലപ്പെടുകയില്ല” എന്ന മറുപടിയാണ് ഞങ്ങള്‍ക്ക് എ.പി. നല്‍കിയത്. ശംസുല്‍ ഉലമ ശരീഅത്ത് പ്രശ്‌നത്തില്‍ നിലപാട് അംഗീകരിക്കുകയാണെങ്കില്‍ ശൈഖുനായെ ഈ മസ്ഹലതുമായി സഹകരിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു. എന്നു ഞങ്ങള്‍ പറഞ്ഞങ്കിലും അതും എ.പി.ക്ക് സ്വീകാര്യമായിരുന്നില്ല. തികച്ചും തന്ത്രം മെനഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഞങ്ങളുടെ പ്രതീക്ഷ അന്നുതന്നെ അസ്തമിച്ചിരിക്കുന്നു.
എന്നാല്‍ ജാമിഅ. നൂരിയ്യയില്‍വെച്ച് 1988 ജൂണ്‍ 15 ന് ചേര്‍ന്ന സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയോഗത്തില്‍ സുന്നീപ്രവര്‍ത്തകന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങളും ചേരിതിരിവുകളും ചര്‍ച്ചയ്ക്ക് വന്നു. കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ ചെയര്‍മാനും ഈയുള്ളവനും പുറങ്ങ് അബ്ദുല്ല മുസ്‌ല്യാര്‍, പി.പി. മുഹമ്മദ് ഫൈസി, കെ. മമ്മദ് ഫൈസി തുടങ്ങിയവര്‍ അംഗങ്ങളുമായി ഒരു സബ് കമ്മിറ്റിയുണ്ടാക്കി. മഹാനായ സി.എച്ച്. ഹൈദ്രോസ് മുസ്‌ല്യാര്‍ ഞങ്ങള്‍ക്കുവേണ്ട സര്‍വ്വവിധ സഹായസഹകരണങ്ങളും ചെയ്തു. ഞങ്ങള്‍ കാരന്തൂര്‍ മര്‍ക്കസില്‍ ചെന്ന് എ.പി.യെ കണ്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് തീര്‍ക്കുവാന്‍ മസ്‌ലഹത്തിന് സഹകരിക്കാന്‍ അപേക്ഷിച്ചു. സി.എച്ച്. ഉസ്താദിന്റെ തന്ത്രപൂര്‍വ്വമായ സംസാരത്തിനൊടുവില്‍ എ.പി.യെ കാര്യങ്ങള്‍ അംഗീകരിപ്പിച്ചു. എ.പിയും കൂടി മുഗള്‍ ലോഡ്ജില്‍ വെച്ച് ചര്‍ച്ച നടത്തുകയും സുന്നീയുവജനസംഘത്തിലെയും മര്‍ക്കസിന്റെയും പ്രശ്‌നം വീതിക്കുവന്നര്‍ക്കെതിരെ തീരുമാനമെടുക്കുന്നതിന് പകരമായി സംസുല്‍ ഉലമയെ മര്‍ക്കസിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കുകയാണ് കുടിലചിന്താഗതിക്കാര്‍ ചെയ്തത്. എല്ലാത്തിനും ഈ രാഷ്ട്രീയ താല്‍പര്യക്കാര്‍ എസ്.വൈ.എസിനെയായിരുന്നു. ചട്ടുകമാക്കിയത്. സമസ്തയില്‍ നിന്ന് അച്ചടക്കരാഹിത്യം പ്രകടിപ്പിച്ച ആളുകളോട് ചിലര്‍ കാണിച്ച അടുപ്പവും പ്രസ്ഥാനത്തിന് ദോഷകരമായിഭവിച്ചു.

എറണാകുളം സമ്മേളനം
മസ്‌ലഹത് ശ്രമം തകിടം മറിക്കുന്നതിന്റെ ഭാഗമായിട്ടാണ് എസ്.വൈ. എസിന്റെ തലപ്പത്തുള്ള ചിലര്‍ എറണാകുളം സമ്മേളനം നിശ്ചയിച്ചത്. സംഘടനാ ശാസ്ത്രത്തിന്റെ ഒരു മാന്യതയും അംഗീകരിക്കാതെ പ്രാസ്ഥാനിക ചരിത്രത്തിലെ ഏറ്റവും വലിയ അപാകതയായിരുന്നു എറണാകുളം സമ്മേളനം.
സമ്മേളനത്തിന്റെ സ്വാഗതസംഘം എറണാകുളത്ത് വെച്ചാണ് രൂപീകരിച്ചത്. എറണാകുളത്തേയും പരിസര ജില്ലകളിലേയും പ്രവര്‍ത്തകന്മാരെ ഒഴിച്ചുനിര്‍ത്തി മുന്‍കൂട്ടി തയ്യാറാക്കിക്കൊണ്ട് വന്ന പാനല്‍ വായിച്ച് തക്ബീര്‍ ചൊല്ലി ‘പാസാക്കി’ പിരിയുകയായിരുന്നു യോഗം ചെയ്തത്. ആര്‍ക്കും മറുത്തൊരു അഭിപ്രായം പറയാന്‍പോലും അവസരം നല്‍കാതെയായിരുന്നു കുതന്ത്രങ്ങള്‍ മെനഞ്ഞത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ എസ്.വൈ.എസ്. രൂപീകരണത്തിന് വേണ്ടി സംജാതമായി. ബന്ധപ്പെട്ടവര്‍ കാന്തപുരത്തോട് – അദ്ദേഹമാണ് അന്ന് എസ്.വൈ.എസ്.ജന: സെക്രട്ടറിയും ഈ കുതന്ത്രത്തിന്റെ വക്താവും – തന്നെ നേരിട്ട് കാര്യമുണര്‍ത്തിയെങ്കിലും അനുകൂലമനോഭാവമുണ്ടായിരുന്നില്ല. കാന്തപുരം വിഭാവന ചെയ്യുന്ന രാഷ്ട്രീയലൈന്‍ സ്വീകരിക്കാത്തതായിരുന്നു ഇതിന്റെ പ്രധാന കാരണം.
സമസ്തയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ക്ലാപ്പന മുഹമ്മദ് മുസ്‌ല്യാര്‍ ജന: സെക്രട്ടറി പാണാവള്ളി മുഹമ്മദ് മുസ്‌ല്യാര്‍ എറണാകുളം ജില്ലാ എസ്.വൈ.എസ്. സെക്രട്ടറി എം.എം. ഫരീദ് സാഹിബ്, തൃശ്ശൂര്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് പി.വി. യൂസുഫ് ഫൈസി, ജന. സെക്രട്ടറി പി.കെ. കുഞ്ഞമ്മദ് തുടങ്ങി അനേകം നേതാക്കളെ സ്വാഗതസംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഇവര്‍ക്ക് പകരം കടന്നുവന്നതാവട്ടെ മുസ്‌ലിംകള്‍ പോലും അല്ലാത്തവര്‍! കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചെത്തുതൊഴിലാളിയൂനിയനിലെ ആളുകള്‍ വരെ കയറിക്കൂടി!
നിരീശ്വരനിര്‍മ്മിത വാദഗതിക്കാര്‍ സുന്നീപേരുപറഞ്ഞ് രംഗപ്രവേശം ചെയ്യുന്ന സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം സുന്നികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും കാന്തപുരത്തിന്റ തല്‍പരകക്ഷികളുടെയും നീക്കങ്ങള്‍ക്കെതിരെ ഉണരുകയും ചെയ്തു.
എസ്.വൈ.എസ്.സമസ്തയുടെ കീഴ്ഘടകമാണ്. അതിനെ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണ അധികാരവും സമസ്തക്കുതന്നെയാണുള്ളത്. എസ്.വൈ.എസിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാവുകയും മുസ് ലിം സമുദായത്തില്‍ പ്രശ്‌നം വിതക്കുന്നതരത്തില്‍ ആവുകയും ചെയ്തപ്പോള്‍ അതിനെ സമസ്ത തടയുകയായിരുന്നു.
‘സമസ്ത കേരള സുന്നിയുവജനസംഘത്തിന്റെ പരമാധികാരം സമസ്ത കേരളജംഇയ്യത്തുല്‍ ഉലമായില്‍ നിക്ഷിപ്തമാണ്. സംഘത്തിനും നിര്‍ത്തല്‍ ചെയ്യുവാനും മുശാവറക്കു അധികാരമുണ്ടായിരിക്കുന്നതാണ്.’
(ഭരണഘടനഖണ്ഡിക 9-1)
ഇത്ര സുവ്യക്തമായി വസ്തുത പ്രതിപാദിക്കുന്നുവെന്നിരിക്കെ തികച്ചും ജുഗുപ്‌സാവഹമായിട്ടായിരുന്നു പരിപാടികള്‍ പ്രസ്തുത സംഘം ആസൂത്രണം ചെയ്തത്.
ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രഗത്ഭരമായ പണ്ഡിത നേതൃത്വത്തെ അനുസരിച്ച് കൊണ്ട് നില്‍ക്കുന്നവര്‍ എറണാകുളത്ത് വെച്ച് തന്നെ സുന്നീ പ്രവര്‍ത്തകരുടെ ഒരു യോഗം ചേര്‍ന്നു. എറണാകുളത്ത് വെച്ച്തന്നെ മറ്റൊരു സമ്മേളനം നടത്താന്‍ തീരുമാനിച്ചു. ‘മദ്ധ്യകേരള സുന്നിസമ്മേളനം! ഈ സമ്മേളനത്തിന്റെ ഭാവിപരിപാടി ദേശമംഗലം മാലിക്ബ്‌നു ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ചേര്‍ന്നു.
എം.എം. മുഹ്‌യുദ്ദീന്‍ മൗലവി ചെയര്‍മാനും മര്‍ഹും നാട്ടിക മൂസ മുസ്‌ല്യാര്‍ കണ്‍വീനറുമായ കമ്മറ്റി രൂപീകരിച്ചു. കപടതന്ത്രങ്ങളെ ചെറുക്കാന്‍ ഈ നീക്കം ഉപകാരപ്പെട്ടു.
ഒക്‌ടോബര്‍ 19 ന് ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ യോഗത്തില്‍ ചര്‍ച്ചക്ക് പ്രസ്തുത വിഷയങ്ങള്‍ കടന്നുവന്നു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മുശാവറയില്‍ വെക്കാന്‍ വേണ്ടി പ്രതിനിധികളെ തിരഞ്ഞെടുത്തു. ‘പ്രതിനിധികള്‍ കാര്യം ചര്‍ച്ച ചെയ്ത് ശംസുല്‍ ഉലമയുടെ മുമ്പില്‍ സമര്‍പ്പിച്ച് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഭേദഗതി കൂടി കൂട്ടിച്ചേര്‍ത്ത് മുശാവറക്ക് സമര്‍പ്പിക്കുക’ എന്നതായിരുന്നു നിര്‍ദ്ദേശം.
1988 ഒക്‌ടോബര്‍ 22 ന് 10 മണിക്കുതന്നെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനടുത്തുള്ള ഇന്റര്‍നാഷണല്‍ ലോഡ്ജിലേക്ക് നിശ്ചിതമസ്‌ലഹുതുസംഘത്തിലെ ആളുകള്‍ എത്തി. എം.എ. ഒഴിച്ച് ബാക്കിയുള്ളവര്‍ എത്തിയിരുന്നു. എ.പി. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച, ശംസുല്‍ ഉലമക്കെതിരെ തുറന്ന കത്തെഴുതിയ കോയ മാസ്റ്ററേയും പിടിച്ചാണ് എത്തിയത്. മസ്‌ലഹത്തിനിടെ ഒരു ഫോണ്‍ അറ്റന്റ് ചെയ്തത് അടിയന്തിരമായി പോവാന്‍ ഉണ്ടെന്ന് പറഞ്ഞ എ.പി. തടയൂരി. അങ്ങനെ 22-ാം തിയ്യതിക്കുള്ള ചര്‍ച്ച നിര്‍ത്തിവെക്കുകയും 26 ലേക്ക് ചര്‍ച്ച നീട്ടിവെക്കുകയും ചെയ്തു. ഉള്ളോള്‍ തങ്ങള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എസ്.വൈ.എസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നീക്കം നടന്നതും കള്ളപ്രചരണങ്ങള്‍ നടത്തി പിരിവ് നടത്തിയതും ചര്‍ച്ചക്ക് വിഷയീഭവിച്ചു. ബന്ധപ്പെട്ടവര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. ശംസുല്‍ ഉലമയുടെ നടപടികള്‍ മുശാവറയില്‍ പോലും അംഗീകരിച്ചവര്‍ പുറത്ത് മാത്രം എതിര്‍ത്ത് പൊതുജനത്തിനിടയില്‍ പ്രശ്‌നം വിതക്കുന്നത് നിര്‍ത്തണമെന്ന് ചര്‍ച്ചയില്‍ ശക്തമായ ആവശ്യം ഉയര്‍ന്നുവന്നു. വീണ്ടും നവംബര്‍ 12ന് ചര്‍ച്ച തുടര്‍ന്നു. എറണാകുളത്ത് വെച്ച് നടത്താന്‍ തീരുമാനിച്ച എസ് വൈ എസിന്റെ സമ്മേളനവും മദ്ധ്യകേരളാസുന്നി സമ്മേളനവും നിര്‍ത്തിവെക്കാനും മറ്റൊരു സുന്നീ സമ്മേളനം ജനുവരി 29ന് നടത്താനും തീരുമാനിച്ചു. പുറത്ത് ഇറങ്ങി പിന്നീട് പ്രശ്‌നമുണ്ടാക്കിയവര്‍ ഈ തീരുമാനം അംഗീകരിച്ചവരായിരുന്നു എന്ന വസ്തുത വിസ്മരിക്കരുത്. മാന്യതയായിരുന്നു മുഖമുദ്രയെങ്കില്‍ ഇങ്ങനെയല്ലല്ലോ ചെയ്യുക?!
നവംബര്‍ 19ന് ഇരുവിഭാഗവും ഒന്നിച്ചു ജനുവരി 29ന് നടത്താന്‍ തീരുമാനിച്ച സമ്മേളനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഒരുമിച്ച് കൂട്ടിയ സദസ്സ് പ്രക്ഷുബ്ധമാക്കിമാറ്റാന്‍ ചില ഗുണ്ടകള്‍ ശ്രമിച്ചു. പണ്ഡിതന്മാരെ കയ്യേറ്റം ചെയ്യുക വരെയുണ്ടായി. എസ് വൈ എസിന്റെ പേരില്‍ ചിലര്‍ നടത്തിയ നിഗൂഢതയായിരുന്നു പ്രശ്‌നം വഷളാക്കിയത്. ഒടുവില്‍ പോലീസ് സഹായത്തോടുകൂടിയാണ് പണ്ഡിതന്മാര്‍ക്ക് തിരിച്ച് പോകുവാന്‍ സാധിച്ചത്. വ്യാജവാര്‍ത്ത സൃഷ്ടിച്ച് കയ്യേറ്റശ്രമത്തെ വ്യാജമെന്ന് വരുത്താന്‍ ചില പത്രങ്ങളിലൂടെ തല്‍പരകക്ഷികള്‍ ശ്രമിച്ചു.
മദ്ധ്യസ്ഥശ്രമങ്ങളുടെ അവസാന ഭാഗമായി ‘മുശാവറ’ തന്നെ സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. 1988 ഡിസംബര്‍ 1ന് വ്യാഴാഴ്ച ഇതുവരെയുണ്ടായ സംഭവങ്ങളത്രയും ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. പ്രശ്‌നങ്ങള്‍ക്ക് വിരാമം കുറിച്ച് ഒരു പുതിയ പ്രഭാതം പിറക്കുമെന്ന് ആശിച്ചവര്‍ക്ക് ഉത്സാഹം ഉണര്‍ത്തിയെങ്കിലും സുന്നിയുവജനസംഘത്തിന്റെ എറണാകുളം സമ്മേളനപ്രചരണ കണ്‍വീനറായ ടി സി മുഹമ്മദ് മുസ്‌ലിയാര്‍ കോടതിയെ സമീപിച്ച് സ്റ്റേ കരസ്ഥമാക്കിയത് നിമിത്തം അന്ന് മുശാവറ ചേര്‍ന്നില്ല. ആ കേസ് ചെലവ് സഹിതം തള്ളുകയുണ്ടായെങ്കിലും വീണ്ടും അദ്ദേഹം കോടതിയെ സമീപിച്ചു താല്‍ക്കാലിക ഇഞ്ചക്ഷന്‍ മുഖേന സമസ്ത മുശാവറ തടയണമെന്ന് വാദിച്ചു. അതും കോടതി തള്ളിയപ്പോള്‍ പാറന്നൂര്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്ന വ്യക്തി സമസ്തക്കെതിരെ രംഗത്ത് വരികയും അതും കോടതി തള്ളുകയും ചെയ്തു. സുന്നീയുവജനസംഘത്തിന്റെ ഏത് പ്രവര്‍ത്തനവും നിയന്ത്രിക്കാന്‍ സമസ്തക്ക് അധികാരമുണ്ടെന്നായിരുന്നു കോടതിവിധിന്യായത്തില്‍ പ്രഖ്യാപിച്ചത്.
സമസ്തക്കെതിരെയുള്ള എല്ലാ സ്റ്റേകളും തള്ളപ്പെട്ട സാഹചര്യത്തില്‍ 16.1.89ന് അടിയന്തിര മുശാവറ വിളിച്ച് ചേര്‍ക്കുകയും 88 ജനുവരി 19 മുതല്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം നിര്‍ത്തിവെക്കാന്‍ എസ് വൈ എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ‘ചേരിതിരിഞ്ഞുള്ള സമ്മേളനം നിര്‍ത്തിവെക്കണമെന്ന്’ പണ്ഡിതന്മാര്‍ ഉപദേശിച്ച സന്ദര്‍ഭത്തില്‍ തന്നെ (1.12.88) മദ്ധ്യകേരള സമ്മേളനം നിര്‍ത്തിവെച്ചിരുന്നു.
89 ജനുവരി 16ന് ചേര്‍ന്ന മുശാവറ എറണാകുളം സമ്മേളനം നടത്തരുത് എന്ന് തീരുമാനിച്ച യോഗത്തില്‍ പിന്നീട് പ്രശ്‌നമുണ്ടാക്കിയ വ്യക്തികള്‍ പോലും പങ്കെടുക്കുകയും ഒപ്പുവെക്കുകയും ചെയ്തതാണ്! ആ തീരുമാനത്തിന് എതിരായി എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇതുകൊണ്ട് തന്നെ ഫെബ്രുവരി 18ന് ചേര്‍ന്ന മുശാവറ ആറ് പേരെ പുറത്താക്കി.
പുറത്താക്കിയവര്‍ പിന്നീട് അഡ്വ. ടി പി അരവിന്ദാക്ഷമേനോന്റെ അഭിപ്രായത്തിന്‍മേല്‍ ഒരു സമാന്തരസംഘടന രൂപീകരിച്ച് കോഴിക്കോട് രജിസ്ട്രാപ്പീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ പോയി. എ പി 3.1.90നും ശംസുല്‍ ഉലമ 6.1.90നും ആയിരുന്നു അംഗങ്ങളുടെ ലിസ്റ്റ് നല്‍കിയത്. ഇരുവിഭാഗത്തോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട രജിസ്ട്രാര്‍ രേഖകള്‍ പരിശോധിച്ച് മാര്‍ച്ച് 22ന് വിധി പുറപ്പെടുവിച്ചു. 1957 മുതല്‍ ജന. സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ, അദ്ദേഹം അത് വരെ ഹാജരാക്കിയിരുന്ന ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍മാരുടെ സര്‍ട്ടിഫൈഡ് കോപ്പിയും കോടതികളില്‍ ഉണ്ടായിട്ടുള്ള വിധികളുടെ പകര്‍പ്പുകളും രജിസ്ട്രാര്‍ക്ക് ഹാജരാക്കിയിരുന്നു. ശംസുല്‍ ഉലമയായിരുന്നു സമസ്തയുടെ മിനുട്ട്‌സ് അതുവരെ കൈകാര്യം ചെയ്ത് വന്നത് എന്നതും പ്രസ്ത്യാവ്യമത്രെ. ഭരണഘടനയില്‍ ജനറല്‍ ബോഡികോറം തികയാന്‍ മുശാവറാംഗങ്ങളില്‍ പെട്ട പതത് ആളുകള്‍ വേണമെന്നതും രജിസ്ട്രാറെ ശംസുല്‍ ഉലമയുടെ ലിസ്റ്റ് സ്വീകരിക്കുന്നതില്‍പ്രചോദനം നല്‍കി. പുറത്ത് പോയവര്‍ ആ#് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ മറുകക്ഷിയ്ക്ക് ഹാജരാക്കാന്‍ തട്ടിപ്പടച്ചുണ്ടാക്കിയ പുതിയ മിനുട്ട്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ മറുകക്ഷിയ്ക്ക് ഹാജരാക്കാന്‍ തട്ടിപ്പടച്ചുണ്ടാക്കിയ പുതിയ മിനുട്ട്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കണ്ണിയത്തു ഉസ്താദിന്റെയും ശംസുല്‍ ഉലമയുടെയും സമസ്തയാണ് ശരി എന്ന് രജിസ്ട്രാര്‍ വിധിച്ചു.
ഈ വിധിക്കെതിരെ അപ്പീല്‍ പോയവര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയും പ്രതികൂലമായിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ പോയിട്ടും പരാജയം തന്നെയാണവര്‍ക്ക് ഉണ്ടായത്. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സമസ്ത കണ്ണിയത്തുസ്താദിലൂടെയും ശംസുല്‍ ഉലമയിലൂടെയും ശേഖുനാ കാളമ്പാടി ഉസ്താദിലേക്കും സൈനുല്‍ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരിലേക്കും എത്തി നില്‍ക്കുന്നു.

സമസ്തയുടെ ബഹുജന സംഘടനയായി രൂപീകൃതമായ എസ് വൈ എസിനെ രാഷ്ട്രീയവല്‍ക്കരിക്കാനും ബിദഇകള്‍ക്കെതിര പടപൊരുതിയ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനും ശ്രമിച്ചവര്‍ സമസ്തയില്‍നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ എസ് വൈ എസിന്റെ നേതൃത്വത്തിലും അഴിച്ചുപണി വേണ്ടിവന്നു. 19.8.89ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ‘സമസ്ത’ നേതാക്കളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സി എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ ജന. സെക്രട്ടറിയും വി മോയിമോന്‍ ഹാജി ട്രഷററും ആയി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. അമ്പത്തൊന്നംഗ പ്രവര്‍ത്തക സമിതിക്ക് അന്ന് രൂപം നല്‍കി.
കുറ്റിപ്പുറത്ത് ഖുതുബുസ്സമാന്‍ നഗരിയില്‍ ജനസാഗരം തീര്‍ത്ത സംഘടനയുടെ സുവര്‍ണ്ണ ജൂബിലി മഹാസമ്മേളനം അനിര്‍വചനീയ അനുഭൂതി പകരുന്നതാണ്.
1992 ജൂണ്‍ 14ന് ഉമറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ജന. സെക്രട്ടറിയും വി മോയിമോന്‍ ഹാജി ട്രഷററായും കമ്മറ്റി നിലവില്‍ വന്നു. സംഘടനയുടെ വളര്‍ച്ചയില്‍ ശക്തമായ പങ്കുവഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
പ്രാസ്ഥാനിക രംഗത്ത് പുത്തന്‍ ഉണര്‍വ്വ് പരത്തുന്ന രീതിയില്‍ പല സംഭവങ്ങളും എസ് വൈ എസിന്റെ ചരിത്ര രേഖയില്‍ കാണാം. സാഹിത്യരംഗത്ത് സുന്നീ ടൈംസിന് ശേഷം സുന്നിവോയ്‌സ് സംഘടനയുടെ കീഴില്‍ ജിഹ്വയായി. പത്രധര്‍മ്മത്തില്‍ നിന്നും അത് വ്യതിചലിച്ചപ്പോള്‍ സുന്നീ അഫ്കാര്‍ പിറന്ന് വീണു. സമസ്ത വിഭാവന ചെയ്യുന്ന യഥാര്‍ത്ഥ ഇസ്‌ലാമിന്റെ സുന്ദര ആശയങ്ങള്‍ ജനസമൂഹത്തല്‍ പ്രചരിപ്പിക്കുന്നതില്‍ സുന്നി അഫ്കാര്‍ ചെയ്ത സേവനം അതുല്യമാണ്. ശംസുല്‍ ഉലമയാണ് സുന്നി അഫ്കാറിന്റെ നാമം നിര്‍ദ്ദേശിച്ചത്. ദീനിന്റെ ശത്രുക്കള്‍ക്ക് ശക്തമായ താക്കീതായി സുന്നി അഫ്കാര്‍ പടപൊരുതുകയാണ്. ഇസ്‌ലാമിന്റെ വിമര്‍ശകര്‍ക്ക് കാലികമായി മറുപടി പറയുവാന്‍ ആഴ്ചതോറും സുന്നി അഫ്കാര്‍ രംഗപ്രവേശനം ചെയ്യുന്നു. വിപണനതന്ത്രത്തിന്റെ പിഴച്ച പത്രധര്‍മ്മം പേറിനടക്കുന്ന ആനുകാലികങ്ങളില്‍നിന്ന് സുന്നി അഫ്കാര്‍ വേറിട്ട് നില്‍ക്കുന്നു.
കേരളീയ സുന്നീ ബഹുജനങ്ങള്‍ക്കിടയില്‍ നനോന്മുഖമായ വികാസത്തിനും മുന്നേറ്റത്തിനും ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു ചടുലമായി സംഘടന മുന്നേറുകയാണ്. ആദര്‍ശ പഠന വേദികളുടെ രൂപീകരണവും ആധുനിക സജീകരണങ്ങളോടെയുള്ള സംഘടനാ സംവിധാനവും നാം സജ്ജമാക്കിക്കഴിഞ്ഞു. നേടാനുള്ളത് ഇനിയും ഒരുപാടുണ്ട് എന്ന ലക്ഷ്യത്തോടെ മുന്നേറുക. നാഥന്‍ തുണക്കട്ടെ.