സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സമസ്തയുടെ പ്രഥമ പോഷക ഘടകമാണ്. കേരളത്തിലെ മദ്‌റസകളില്‍ ഒരു ഏകീകൃത സിലബസ് വേണമെന്ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ന:മ:) 1926-27കളില്‍ നിര്‍ദ്ദേശം വെച്ചിരുന്നു. 1945-ല്‍ കാര്യവട്ടത്തുനടന്ന സമസ്തയുടെ 16-ാമത് സമ്മേളനത്തില്‍ മര്‍ഹൂം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മതവിദ്യാഭ്യാസത്തിനായി കേരളത്തിലുടനീളം മദ്‌റസകള്‍ സ്ഥാപിക്കാന്‍ സമസ്ത സജീവമായി പങ്കുവഹിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് പണ്ഡിതന്‍മാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രസംഗിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മദ്‌റസകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു പാഠ്യപദ്ധതി തയ്യാറാക്കാന്‍ ബാഫഖി തങ്ങള്‍ സമസ്ത നേതാക്കളോട് ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീടുള്ള മുശാവറ യോഗങ്ങളും പണ്ഡിതസംഗമങ്ങളുമെല്ലാം തന്നെ ബാഫഖിതങ്ങളുടെ ആഗ്രഹം ഗൗരവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരവെച്ച് നടന്ന 19-ാം `സമസ്ത’ സമ്മേളനം കേന്ദീകൃത മദ്‌റസ സമ്പ്രദായം എന്ന കാലഘട്ടത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന്നായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിനു രൂപം നല്‍കിക്കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രമേയം പാസ്സാക്കി. പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍. 6 മാസങ്ങള്‍ക്ക് ശേഷം1951-ല്‍ സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ (ന:മ) കാര്‍മികത്വത്തില്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന സുപ്രധാന യോഗത്തില്‍ 33 അംഗ പ്രഥമ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. സ്വുബ്ഹിക്ക് ശേഷം തുടങ്ങിയ യോഗം ളുഹ്‌റോടെയാണ് അവസാനിച്ചത്. സുപ്രധാനമായ തീരുമാനങ്ങള്‍ക്കൊപ്പം ഒരു ഫണ്ടും സ്വരൂപിച്ചു. മഹാന്മാരായ ഉലമാക്കള്‍ സ്വന്തം വകയായി സംഭാവന നല്‍കി സ്വരൂപിച്ചതാണ് പ്രഥമപ്രവര്‍ത്തന ഫണ്ട്. 1952 ആഗസ്ത് 26-ന് നടന്ന ബോര്‍ഡ് യോഗം ഇദംപ്രഥമമായി 10 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി. വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമ സമ്മേളനം 1951 ജനുവരി 29-30 തിയ്യതികളില്‍ വടകരയില്‍ തന്നെ നടത്തപ്പെട്ടു. അനന്തരം, കക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടത്തപ്പെട്ട സമസ്തയുടെയും ബോര്‍ഡിന്റെയും സംയുക്തസമ്മേളനങ്ങള്‍ സുപ്രസിദ്ധങ്ങളും, സുപ്രധാനങ്ങളുമായിരുന്നു. പിന്നീടിതുവരെ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച മദ്‌റസകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി എല്ലാ രണ്ടാം ശനിയാഴ്ചയും (റമളാന്‍ ഒഴികെ) കാലത്ത് 11 മണിക്ക് യോഗം ചേരുകയും മറ്റുകാര്യങ്ങളോടൊപ്പം അംഗീകാരത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും ചെയ്യുന്നു.പ്രാഥമിക മത വിദ്യാഭ്യാസത്തിനായി സമസ്ത സ്ഥാപിച്ച അതുല്യമായ മദ്‌റസാ സംവിധാനത്തിന്റെ വളര്‍ച്ചയും പുരോഗതിയും മനസ്സിലാക്കാന്‍ വളര്‍ച്ചാനിരക്ക് പരിശോധിക്കുക. 1956ല്‍ മദ്‌റസകളുടെ എണ്ണം: 149, 1961-ല്‍ 746, 1966-ല്‍ 1838, 1967-ല്‍ 2696, 1976-ല്‍ 3586, 1986-ല്‍ 5648, 1996-ല്‍ 6440, 1997-ല്‍ 7003, 2001-ല്‍ 7865, 2007-ല്‍ 8573, 2008-ല്‍ 8713, 2009 ഓഗസ്റ്റ് 8836. 6880 മദ്‌റസകളില്‍ 5-ാം ക്ലാസ് വരെയും 5682 മദ്‌റസകളില്‍ 7-ാം ക്ലാസ് വരെയും 2110 മദ്‌റസകളില്‍ 10-ാം ക്ലാസ് വരെയും 171 മദ്‌റസകളില്‍ +2 വരെയും ക്ലാസുകള്‍ നടന്നുവരുന്നു. കേരളത്തിനു പുറമെ ആന്തമാന്‍, ലക്ഷദ്വീപ് സമൂഹങ്ങള്‍, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ മലേഷ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശരാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ അനന്യമായ മദ്‌റസാ പ്രസ്ഥാനം. 2,23,24,169 കുട്ടികള്‍ക്ക് അഞ്ചാംതരം സര്‍ട്ടിഫിക്കറ്റുകളും 7,81,127പേര്‍ക്ക് ഏഴാംതരം സര്‍ട്ടിഫിക്കറ്റുകളും 82,347 വിദ്യാര്‍ത്ഥികള്‍ക്ക് പത്താംതരം സര്‍ട്ടിഫിക്കറ്റുകളും 479 പേര്‍ക്ക് +2 സര്‍ട്ടിഫിക്കറ്റുകളും 2008 വരെ വിദ്യാഭ്യാസ ബോര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. മദ്‌റസാ അധ്യാപകരെ കൂടുതല്‍ യോഗ്യരും കഴിവുറ്റവരുമാക്കാനായി ട്രെയ്‌നിങ് കോഴ്‌സും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകളും (ഹിസ്ബ്) അടിസ്ഥാനയോഗ്യതക്കായി ലോവര്‍, ഹയര്‍, സെക്കന്ററി പരീക്ഷകളും ബോര്‍ഡിന്റെ കീഴില്‍ നടത്തുന്നുണ്ട്്. 2009 ജൂലൈ മാസത്തെ കണക്കുപ്രകാരം 11,10,806 വിദ്യാര്‍ഥികള്‍ സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ പഠനം നടത്തുന്നുണ്ട്. മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ എടുത്ത 81,499(2009) അദ്ധ്യാപകരും ഈ മദ്‌റസകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. അംഗീകൃത മദ്‌റസകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി മദ്‌റസകളിലെ പ്രവര്‍ത്തനത്തെ കുറിച്ചും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കുറിച്ചും കമ്മിറ്റികള്‍ക്കും ബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കുവാന്‍ 105 പരിശോധകര്‍ (മുഫത്തിശ്) പ്രവര്‍ത്തിക്കുന്നു. മുഅല്ലിംകള്‍ക്ക്
അധ്യാപന പരിശീലനം നല്‍കുവാന്‍ 7 പരിശീലകരും ഖുര്‍ആന്‍ പാരായണ പരിശീലനം നല്‍കാന്‍ 6 ഖാരിഉകളും(ഖുര്‍ആന്‍ പാരായണ ശാസ്ത്ര വിദഗ്ധര്‍) നിലവിലുണ്ട്. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍കരിച്ച ചേളാരിയിലെ ഹെഡാഫീസും, കോഴിക്കോട് ബുക്ക് ഡിപ്പോയും പ്രവര്‍ത്തിക്കുന്നു. 128 ടെക്സ്റ്റ് ബുക്കുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അറബി, അറബി മലയാളം, അറബിത്തമിഴ്, ഇംഗ്ലീഷ്, ഉറുദു, ഭാഷകളില്‍ പുസ്തകം നിര്‍മ്മിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ എന്ന പേരില്‍ മുഫത്തിശുമാര്‍ക്ക് ഒരു കൂട്ടായ്മയും ബോര്‍ഡിനു കീഴിലുണ്ട്. ഓഫീസ് സ്റ്റാഫ് അസോസിയേഷന്‍ മാനുമുസ്‌ലിയാര്‍ സ്മാരക മാതൃക അധ്യാപക അവാര്‍ഡ് നല്‍കിവരുന്നു.