സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍
ബഹുമാനപ്പെട്ട സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നയങ്ങളും പദ്ധതികളും വിജയകരമായി സമൂഹത്തിന്റെ അടിത്തട്ടില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിന് വേണ്ടതു ചെയ്യുക എന്നതാണ് സമിതിയുടെ പ്രഥമ ലക്ഷ്യം. അതിലൂടെ പരിശുദ്ധ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ മൂല്യങ്ങളും ആചാരനുഷ്ഠാനങ്ങളും സ്വഭാവ മര്യാദകളും ഓരോ മുസ്‌ലിമിന്റെയും നിഷ്‌കളങ്ക മനസ്സില്‍ അനുകൂലമായി സ്ഥാനം പിടിപ്പിക്കുക എന്ന മഹല്‍ കര്‍മ്മമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഓരോ മുസ്‌ലിമും ഈ അടിത്തറയിലാണ് തന്റെ ജീവിതം ചിട്ടപ്പെടുത്തുന്നത്. ഇതു മൂലം തന്റെ ജീവിതം തനിക്കു തന്നെയും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെട്ടതായി ഭവിക്കുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഭൗതിക ജീവിതം തനിക്കു നേടാനാവുമെന്നും അതൊടൊപ്പം ആ ജീവിതം അനശ്വരമായ പരലോകത്തിലേക്ക് ശാശ്വത സമ്പാദ്യവുമായി തീരുന്നു. മനുഷ്യന്റെ ഇഹ-പര വിജയത്തിലേക്ക് തങ്ങളെ നയിക്കുന്ന പരിശുദ്ധമതത്തിന്റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ മനുഷ്യ സമൂഹത്തില്‍ അര്‍ത്ഥ പൂര്‍ണമായി പ്രചരിപ്പിക്കുക എന്നതാണ് മദ്രസാമാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ദേശ്യം.
ബഹു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്ത ഈ മഹല്‍ യജ്ഞം സമൂഹത്തില്‍ അനസ്യൂതം നടപ്പിലാക്കികൊണ്ടിരിക്കുന്നത് മദ്രസാ മാനേജ്‌മെന്റുകളാണ്. നിസ്വാര്‍ത്ഥരായ ദീനി സേവകരുടെ വലിയ ഒരു കൂട്ടായ്മയാണ് നമുക്ക് ഈ രംഗത്ത് കാണാന്‍ കഴിയുന്നത്. ധീഷണാ ശാലികളായ ഒട്ടേറെ പേര്‍ വിവിധ മാനേജ്‌മെന്റ് കമ്മിറ്റികളിലുണ്ട്. ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍, സേവനതല്‍പരര്‍, ദീനിസ്‌നേഹികള്‍, ഉദാരമനസ്‌കര്‍, കര്‍മ്മോത്സുകരായ സാമൂഹ്യപ്രവര്‍ത്തകര്‍. മികവുറ്റ നേതൃപാടവമുള്ളവര്‍ തുടങ്ങി ഉന്നത വ്യക്തിത്വങ്ങളായ ധാരാളം പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലുണ്ട്. അവര്‍ക്കെല്ലാം ഒന്നിച്ചിരിക്കാനും മുഖാമുഖം ഇരുന്നു ആശയങ്ങള്‍ കൈമാറാനും ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും ഒരു വേദിയുണ്ടാവുക എന്നത് സമൂഹത്തിന് വലിയ ഒരു മുതല്‍ കൂട്ടാവും എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു അസോസിയേഷന്‍ രൂപീകരണത്തിന് പണ്ഡിത നേതൃത്വം മുന്‍കയ്യെടുത്തത്.
പൊതുരംഗത്ത് പരിചയവും അനുഭവജ്ഞാനമുള്ള വിവിധ മേഖലകളില്‍ കഴിവും മികവും നേടിയ മാനേജ്‌മെന്റ് പ്രവര്‍ത്തകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ബഹു. പണ്ഡിത സഭയുടെ പരിഗണക്കും തീരുമാനത്തിനും വിധേയമാക്കുമ്പോള്‍ അതിന്റെ ദീനിനിയമപരമായ സാധ്യതയും പ്രായോഗികതയും കുറ്റമറ്റതായിത്തീരും. മാനേജ്മന്റ് അസോസിയേഷന്റെ കേന്ദ്ര പ്രസിഡന്റ് എന്നും ഒരു മുശാവറ മെമ്പറായിരിക്കും. മാതൃസംഘടനയുമായി എപ്പോഴും ശക്തമായ ബന്ധം നിലനിര്‍ത്തന്‍ ഇതു സഹായകമാവും. നിലവില്‍ ബഹു സമസ്ത മുശാവറ മെമ്പറും ഫത്‌വാ കമ്മിറ്റിയംഗവും, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജിലെ സീനിയര്‍ ഗുരുവര്യരില്‍ ഒരാളുമായ ബഹു. മൗലാന എ.പി. മുഹമ്മദ് മുസ്ല്യാര്‍ (കുമരംപൂത്തൂര്‍) ആണ് കേന്ദ്രസമിതി പ്രസിഡന്റ്.
മദ്രസാ മുഅല്ലിമുകളും , രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കുക, ദീനിപഠന സൗകര്യമല്ലാത്ത സ്ഥലങ്ങളില്‍ മദ്രസകള്‍ ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുക, സെക്കന്ററി മദ്രസകള്‍ കൂടുതല്‍ സ്ഥാപിക്കുക. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്ലാസുകളും തൊഴില്‍പരിശീലനങ്ങളും മറ്റും നല്‍കി അവരെ ദീനിവൃത്തത്തില്‍ നിലനിര്‍ത്താന്‍ സാഹചര്യമൊരുക്കുക. ഇസ്‌ലാമിക നഴ്‌സറികള്‍ പ്രോത്സാഹിപ്പിക്കുക. മുഅല്ലിം ക്ഷാമം പരിഹരിക്കാന്‍ ചെയ്യാവുന്നതു ചെയ്യുക. മുഅല്ലിം പ്രോത്സാഹനപ്രവര്‍ത്തനങ്ങള്‍ നടത്തുക വിദ്യാഭ്യാസബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോഴ്‌സുകള്‍, പരീക്ഷകള്‍, പരിശീലനങ്ങള്‍ മുതലായവ പ്രോത്സാഹിപ്പിക്കുക തുടങ്ങി പല ക്ഷേമ പ്രവര്‍ത്തനങ്ങളിലും അസോസിയേഷന്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
പൂര്‍ണ്ണമനസ്സോടെ ഐക്യപ്പെടാനും തുറന്ന മനസ്സോടെ ആശയങ്ങള്‍ പങ്കിടാനും നന്മകള്‍ ഉള്‍കൊണ്ടു പരസ്പര ധാരണയോടും അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ ഓരോ മാനേജ്‌മെന്റും തയ്യാറായാല്‍ ദീനീ രംഗത്ത് ആശാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും. അല്ലാഹു തുണക്കട്ടെ. ആമീന്‍